ചെന്നൈ: തമിഴ്നാട്ടിലെ ബി.ജെ.പി ഭാരവാഹികളുടെ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി മുൻ അധ്യക്ഷനുമായ അമിത് ഷാ, തമിഴകത്തു നിന്ന് ഭാവിയിൽ ഒരു പ്രധാനമന്ത്രിക്കു സാധ്യതയുണ്ടെന്ന് അറിയിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിൽ നിർണായകമാകുന്ന സൂചനയാണ് അമിത്ഷാ നൽകിയത്. പ്രധാനമന്ത്രിപദം തമിഴ്നാട്ടിലേക്ക് എത്തുന്നതിന് മുൻപു രണ്ടു തവണ സാധ്യതകളുണ്ടായിരുന്നു. ഡി.എം.കെയാണ് ഇത് ഇല്ലാതാക്കിയതെന്നും അമിത് ഷാ വ്യക്തമാക്കി.
തമിഴ്നാട്ടിൽ നിന്ന് 20 സീറ്റുകൾ ലക്ഷ്യമാക്കി 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി പ്രവർത്തിക്കാൻ അമിത് ഷാ നിർദേശിച്ചു. ബൂത്ത് കമ്മിറ്റികൾ ഇതിന്റെ പ്രവർത്തനം ശക്തമാക്കണമെന്നും പറഞ്ഞു. വെല്ലൂരിൽ നടന്ന പൊതുസമ്മേളനത്തിൽ ഭരണത്തിൽ നിന്നു 2ജി, 3ജി, 4ജി പാർട്ടികളെ തൂത്തെറിയാൻ സമയമായെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു. ഡി.എം.കെയ്ക്കും കോൺഗ്രസിനും എതിരായിട്ടായിരുന്നു വിമർശനം.
2ജി എന്നാൽ രണ്ടു തലമുറയെന്നും 3ജി എന്നാൽ മൂന്നു തലമുറയെന്നും 4ജി നാലു തലമുറയെന്നുമാണ് താൻ ഉദ്ദേശിച്ചത്. കോൺഗ്രസും ഡി.എം.കെയും 2ജി 4ജി പാർട്ടികളാണ്. 2ജി സ്പെക്ട്രം അഴിമതിയല്ല. രണ്ടു തലമുറയ്ക്കു വേണ്ടിയുള്ള അഴിമതിയാണ് ഡി.എം.കെയിലെ മാരൻ കുടുംബം ചെയ്തത്. കരുണാനിധി കുടുംബം മൂന്നു തലമുറയ്ക്കു വേണ്ടിയും. അധികാരം ആസ്വദിക്കുന്ന നാലാംതലമുറക്കാരനാണ് രാഹുൽ ഗാന്ധിയെന്നും അമിത്ഷാ തുറന്നടിച്ചു. തമിഴകത്തിൻറെ മക്കൾക്ക് അധികാരം നൽകേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ അമിത് ഷാ നരേന്ദ്ര മോദി സർക്കാരിൻറെ ഒമ്പതു വർഷത്തെ നേട്ടങ്ങൾ വിശദീകരിച്ചു. കോൺഗ്രസും ഡി.എം.കെയും ജമ്മു കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതിനെ എതിർത്തുവെന്നും ചൂണ്ടിക്കാട്ടി.