കോഴിക്കോട്: മലപ്പുറം ജില്ലയിൽ ഉൾപ്പെടെ മലബാറിലെ പ്ലസ്‌വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മതിയായ വിദ്യാർഥികൾ ഇല്ലാത്ത 14 ബാച്ചുകൾ മലപ്പുറത്തേയ്ക്ക് മാറ്റും. ഒന്നാം അലോട്ട്‌മെന്റിൽ ഇത് ഉൾപ്പെടുത്തും.
എയിഡഡ് മേഖലയിലും താത്കാലിക അധിക ബാച്ച് നൽകുന്ന കാര്യം പരിഗണിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. മലപ്പുറത്ത് ആകെ 80,922 അപേക്ഷകരാണുള്ളത്. നിലവിൽ 69,696 സീറ്റുണ്ട്.ഗവൺമെന്റ്, എയ്ഡഡ്– 55,590, അൺ എയിഡഡ് –11,286, വിഎച്ച്എസ്ഇ– 2,820 എന്നിങ്ങനെയാണ് കണക്ക്. 11,226 സീറ്റുകളാണ് കുറവ്. അൺ എയ്ഡഡ് മാറ്റി നിർത്തിയാൽ 22,512 ഒഴിവുണ്ടാകും. എന്നാൽ, മാർജിനൽ സീറ്റ് വർധനവിന് പുറമേ 81 താൽക്കാലിക ബാച്ചുകൾ മുഖ്യഘട്ട അലോട്ട്‌മെന്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് 14 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റുന്നത്.
പ്ലസ്‌വണിന് സംസ്ഥാനത്ത് ആകെ 4,59,330 അപേക്ഷകരാണുള്ളത്. വിവിധ വിഭാഗങ്ങളിലായി 4,58,205 സീറ്റുണ്ട്. ഗവ. എയ്ഡഡ് സ്‌കൂളുകളിൽ –3,70,590, അൺ എയ്ഡഡ് മേഖലയിൽ 54,585 , വിഎച്ച്എസ്ഇ– 33,030 എന്നിങ്ങനെയാണ് കണക്ക്. ഈ വർഷം എസ്എസ്എൽസി പാസായ എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്‌മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.