കോട്ടയം: യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഗാന്ധിനഗർ മെഡിക്കൽ കോളെജിൽ രണ്ടു പേർ പൊലീസ് പിടിയിലായി. തൃക്കൊടിത്താനം അമര ഭാഗത്ത് ഒറപ്പാക്കുഴി വീട്ടിൽ അനന്തു ഷാജി (24), തെങ്ങണ മാടപ്പള്ളി ഇല്ലിമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എ. അമൃത്(28) എന്നിവരാണ് പ്രതികൾ.
ഇന്നലെ ഉച്ചയ്ക്കുശേഷം 3 മണിയോടെ ഇവർ ഇരുവരും ചേർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡ് പാർക്കിങ് ഗ്രൗണ്ടിന്റെ മുൻവശം റോഡിലൂടെ നടന്നുപോയ പാമ്പാടി സ്വദേശിയെ തടഞ്ഞുനിർത്തി അതിക്രമിച്ച് കവർച്ച നടത്തുകയായിരുന്നു. പോക്കറ്റിൽ ഉണ്ടായിരുന്ന 15,000 രൂപയും എ.ടി.എം കാർഡുമായിരുന്നു തട്ടിയെടുത്തത്. തുടർന്ന് ഇയാൾ പരാതിപ്പെട്ടതു പ്രകാരം ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും പിടികൂടുകയായിരുന്നു.
നിലവിൽ അനന്തു ഷാജിയുടെ പേരിൽ ചങ്ങനാശേരി, തൃക്കൊടിത്താനം, കീഴ് വായ്പൂർ, കോയിപ്രം തുടങ്ങിയ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്. പ്രതികളെ ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ. ഷിജി, എസ്.ഐ സുധി.കെ.സത്യപാലൻ, പി.സി ജയൻ, മനോജ്, സി.പി.ഓ മാരായ സതീഷ് കുമാർ, അജോ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.