തിരുവനന്തപുൂരം: സംസ്ഥാനത്തെ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് വേണ്ടി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
കോഡ് ഗ്രേ പ്രോട്ടോകോൾ എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അക്രമമുണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ്. കേരളത്തിന് അനുയോജ്യമായ രീതിയിൽ വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌ക്കരിക്കുന്നത്.
കോഡ് ഗ്രേ പ്രോട്ടോകോളിലുള്ളത് അതിക്രമം ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് തടയാനും അതിന് ശേഷം സ്വീകരിക്കേണ്ടതുമായ വിപുലമായ നടപടിക്രമങ്ങളാണ്. കോഡ് ഗ്രേ പ്രോട്ടോകോൾ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഗോഗ്യമന്ത്രി.
എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന തരത്തിലാകും പ്രോട്ടോകോൾ തയാറാക്കുന്നത്. ഇതിന്‍റെകരട് നിർമ്മിച്ചിട്ടുണ്ട്. പോലീസിലേയും ആരോഗ്യ വകുപ്പിലേയും വിദഗ്ധർ പരിശോധിച്ച് കരടിന്മേലുള്ള ചർച്ചയ്ക്ക് വേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്.