Timely news thodupuzha

logo

യു.യു.സി ആൾമാറാട്ട കേസ്; പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യു.യു.സി ആൾമാറാട്ട കേസിൽ രണ്ട് പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. കൊളെജ് മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ ഹർജികളാണ് തള്ളിയത്. രണ്ടു പ്രതികളും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി, പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ആൾമാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ലെന്നായിരുന്നു മുൻകൂർ ജാമ്യ ഹർജിയിൽ പ്രിൻസിപ്പൽ ഷൈജു കോടതിയിൽ വാദിച്ചത്.

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനഘ എന്ന വിദ്യാർഥിനി രാജി വെച്ച കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രേഖകളുമുണ്ട്, മാത്രവുമല്ല ഒന്നാം പ്രതിയായ വിശാഖിനെ നീക്കണം എന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് കത്ത് നൽകിയിരുന്നെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട ഒരാൾ രാജിവച്ചാൽ പകരം ഒരാളെ നിയോഗിക്കാതെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയല്ലേ വേണ്ടതെന്ന് കോടതി ആരാഞ്ഞിരുന്നു.

യൂണിവേഴ്സിറ്റി യൂണി‍യൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ആൾമാറാട്ടം. വ്യാജ രേഖ ചമയ്ക്കൽ , കേരള സർവകലാശാലയെ തെറ്റിധരിപ്പിക്കൽ എന്നിങ്ങനെയാണ് കേസുകൾ. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിയുടെ പേരിന്‍റെ സ്ഥാനത്ത് വിശാഖിന്‍റെ പേര് ചേർത്ത് യൂണിവേഴിസിറ്റിക്ക് പട്ടിക നൽകുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *