ഇടുക്കി: തൊഴിൽ സ്ഥലത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്റേണൽ കമ്മറ്റി എല്ലാ സ്ഥാപനങ്ങളിലും രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി പറഞ്ഞു. തൊടുപുഴ മുൻസിപ്പൽ ടൗൺഹാളിൽ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം.
ഇടുക്കി ജില്ലയിൽ കുടുംബ പ്രശ്‌നങ്ങൾ വർധിച്ചു വരുന്നുണ്ട്. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ കൗൺസലിംഗ് ലഭ്യമാക്കും. കൂടുതൽ കുടുംബ പ്രശ്‌നങ്ങളും കൗൺസലിംഗിലൂടെ പരിഹരിക്കാൻ സാധിക്കുന്നവയാണ്. സ്ത്രീകളെ ചേർത്തു പിടിച്ച് അവർക്ക് ആത്മവിശ്വാസം പകരുന്നതിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയും. ഇത്തരത്തിലുള്ള മൂന്നു കേസുകൾ ജില്ലാതല അദാലത്തിൽ തീർപ്പാക്കിയെന്നും വനിതാ കമ്മിഷൻ അംഗം പറഞ്ഞു.
വനിതാ കമ്മിഷൻ സിഐ ജോസ് കുര്യൻ, കൗൺസലർ ടീന, ഇടുക്കി വനിതാ സെൽ പോലീസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. ആകെ 31 പരാതികളാണ് ജില്ലാതല അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 15 പരാതികൾ തീർപ്പാക്കി. രണ്ടു പരാതികൾ ഡിഎൽഎസ്എയ്ക്കു കൈമാറി. മൂന്നു പരാതികൾ കൗൺസലിംഗിനും മൂന്നു പരാതികൾ പോലീസ് റിപ്പോർട്ടിനും അയച്ചു.