തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് കാറിടിച്ച് കയറി മൂന്ന് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ആൾക്കും സമീപത്ത് ബസ് കാത്തുനിന്ന 2 പേർക്കുമാണ് പരിക്കേറ്റത്.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് യാത്രക്കാരെ ഇടിച്ചതിന് ശേഷമാണ് അമിതവേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ കാറിന്‍റെ മുന്‍ ഭാഗം പൂർണമായും തകർന്നു. ആറ്റിങ്ങൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. അലി എന്ന വ്യക്തിയാണ് വർക്കല രജിസ്ട്രേഷനുള്ള കാർ ഓടിച്ചിരുന്നതെന്നാണ് വിവരം.