Timely news thodupuzha

logo

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ അക്രമം, പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് തൃണമൂൽ കോൺ‌​ഗ്രസ്

കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ അക്രമം. ബിജെപി, കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. തങ്ങളുടെ മൂന്ന് പ്രവർത്തകർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു. കൂച്ച്ബീഹാറിൽ പോളിംഗ് ബൂത്തിൽ ഏറ്റുമുട്ടലുണ്ടായി.

ബാലറ്റ് പേപ്പറുകൾ അക്രമികൾ കത്തിച്ചതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു. ഒരു തൃണമൂൽ പ്രവർത്തകന് മാൾഡയിലെ മണിക്ക് ചെക്കിൽ ക്രൂഡ് ബോംബ് ആക്രമണത്തിൽ പരിക്കേറ്റു. കോൺഗ്രസ്-തൃണമൂൽ പ്രവർത്തകർ മുർഷിദാബാദിൽ ഏറ്റുമുട്ടി. ഖാർഗ്രാം, റെജിനഗർ, തുഫംഗഞ്ച് എന്നിവിടങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് വെടിയേറ്റതായും തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ബി.ജെ.പി, സി.പി.എം, കോൺഗ്രസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയാണെന്നും സുരക്ഷയ്ക്ക് നിയോഗിച്ച കേന്ദ്ര സേന നിഷ്കൃയരാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഇതിനിടെ ബംഗാളിൽ അപ്രതീക്ഷിതമായി പോളിംഗ് ബൂത്തുകൾ ഗവർണർ സി വി ആനന്ദ ബോസ് സന്ദർശിച്ചു. നോർത്ത് 24 പർഗാനാസിലെ ബസുദേബ്പൂരിലെ പോളിംഗ് ബൂത്തുകളിലേക്കാണ് അദ്ദേഹം എത്തിയത്.

അടുത്ത വർഷം പശ്ചിമബംഗാളിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൃണമൂൽ, ബി.ജെ.പി, സി.പി.എം പാർട്ടികൾക്ക് നിർണ്ണായകമാണ്. ജൂൺ എട്ടു മുതൽ ഇതുവരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷങ്ങളിൽ 24 പേരാണ് മരിച്ചത്. തെരഞ്ഞടുപ്പ് സുരക്ഷയ്ക്കായി 822 കമ്പനി അർധസൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *