കുടയത്തൂർ: തൊടുപുഴ- ആനക്കയം റോഡ് ഭാരവാഹനങ്ങളുടെ സഞ്ചാരം കാരണം തകരുന്നതായി പരാതി. അഞ്ചിരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പാറമടയിൽ നിന്നും അമിതഭാരം കയറ്റിയ ടോറസ് ലോറികൾ ഇടതടവില്ലാതെ സഞ്ചരിക്കുന്നതിനാലാണ് റോഡ് തകരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.പാറമടയിലെ ലോറികളുടെ സഞ്ചാരം മൂലം ഉണ്ടാകുന്ന കുഴികൾ അവർ തന്നെ താത്കാലികമായി
നികത്തും. വീണ്ടും കുഴി അതേപടി രൂപപ്പെടുകയാണ് പതിവ്.റോഡിൻ്റെ വശങ്ങൾ ഇടിഞ്ഞ് പലയിടത്തും രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകുവാൻ സാധിക്കുന്നില്ല. പലപ്പോഴും, ഇത് ഗതാഗത തടസത്തിന് കാരണമാകുന്നു.പൊതുവെ വീതി കുറവുള്ള റോഡിൽ വശം ഇടിയുന്നതും, കുഴി ഉണ്ടാകുന്നതും വാഹന ഗതാഗതത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു .അമിതഭാരം കയറ്റി പായുന്ന ടോറസ് ലോറികളെ നിയന്ത്രിക്കുവാൻ അധികൃതർ തയാറാകുന്നില്ല എന്നാണ് ആക്ഷേപം. അമിതഭാരം കയറ്റി സഞ്ചരിക്കുന്ന ടോറസ് ലോറികൾക്ക് വിലക്ക് ഏർപ്പെടുത്തിയില്ലെങ്കിൽ റോഡ് പൂർണമായി തകരുവാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.