Timely news thodupuzha

logo

ക്ഷാമബത്ത കേസ് ഹൈക്കോടതിയിൽ നിയമ പോരാട്ടത്തിൽ; കേരള എൻ.ജി.ഒ സംഘ്

തൊടുപുഴ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2021 ജനുവരി മുതൽ തടഞ്ഞുവച്ചിട്ടുള്ള 5 ഗഡു(15%) ക്ഷാമബത്ത അനുവദിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് ഹൈക്കോടതിയെ സമീപിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സമർപ്പിച്ച കേസ് തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതിന് സംഘടന തയ്യാറായത്.

ക്ഷാമബത്ത തടഞ്ഞു വച്ചത് സംബന്ധിച്ച് ജീവനക്കാർ സമർപ്പിച്ച കേസിൽ പശ്ചിമ ബംഗാൾ ഹൈക്കോടതി ജീവനക്കാർക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഓൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥർക്കും, ജുഡീഷ്യറി ഓഫീസർമാർക്കും കൃത്യമായി ക്ഷാമബത്ത നൽകിവരുന്നുമുണ്ട്. സംസ്ഥാനത്ത് ഒരു വിഭാഗം ജീവനക്കാർക്ക് ക്ഷാമബത്ത ലഭ്യമാകുമ്പോൾ മറ്റൊരു വിഭാഗം ജീവനക്കാരെ ക്ഷാമബത്തയിൽ നിന്നും മാറ്റിനിർത്തുന്ന സാഹചര്യത്തിലാണ് കേരള എൻ.ജി.ഒ സംഘ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്നലെ എൻ ജി ഒയുടെയും സർക്കാരിന്റെയും വാദം കേട്ടതിനു ശേഷം കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഓഗസ്റ്റ് ഒന്നിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. ജീവനക്കാരുടെ അടിസ്ഥാന ആവശ്യമായ ക്ഷാമബത്ത അനിയന്ത്രിതമായി സംസ്ഥാന സർക്കാർ തടഞ്ഞുവച്ചതിനെതിരെ കോടതിയെ സമീപിച്ച കേരള എൻ.ജി.ഒ സംഘ് സംസ്ഥാന നേതൃത്വത്തെ ഇടുക്കി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

ജീവനക്കാർക്കൊപ്പം ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി കേരള എൻ.ജി.ഒ സംഘ് സംസ്ഥാന നേതൃത്വം നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് ഇടുക്കി ജില്ലാ കമ്മിറ്റി പരിപൂർണ്ണ പിന്തുണ നല്കുന്നതായി ജില്ലാ കമ്മിറ്റി അറിയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ വി. ബി. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജോ. സെക്രട്ടറി വി.കെ സാജൻ, സംസ്ഥാന സമിതി അംഗങ്ങളായ ഷാജികുമാർ ആർ, വി.ആർ പ്രേം കിഷോർ, കെ.കെ രാജു, പി.റ്റി ബാലുരാജ്, എനിറ്റ് അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *