തൊടുപുഴ: ഇടുക്കിയിലെ ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. ഇതുവരെ പതിവായി രണ്ടായിരവും രണ്ടായിരത്തി അഞ്ഞൂറുമൊക്കെ വൈദ്യുതി ബില്‍ അടച്ചുകൊണ്ടിരുന്ന ഉപഭോക്താക്കള്‍ക്ക് ഇത്തവണ ബില്‍ കിട്ടിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. അറുപതിനായിരവും അതിനു മുകളിലുമാണത്രെ സാധാരണ ഗാര്‍ഹിക ഉപഭോക്താക്കളുടെ ബില്‍ തുക.
ടൗണില്‍ മുന്‍ റീഡിംങ്ങ് കാലയളവുകളില്‍ 2200വും 2666ഉം രൂപ ശരാശരി ബില്‍ തുക അടച്ചുകൊണ്ടിരുന്ന സണ്ണി സെബാസ്റ്റ്യന്‍ മണര്‍കാട്ടെന്ന ഉപഭോക്താവിന് ഇത്തവണത്തെ റീഡിങ്ങ് കഴിഞ്ഞപ്പോള്‍ ബില്‍ 60611 ആയി. 53550 രൂപയാണത്രെ എനര്‍ജി ചാര്‍ജ്. 5355 രൂപ ഡ്യൂട്ടി. എല്ലാം കൂടി 60611. വീട്ടിലാകെ താമസിക്കുന്നത് 3 പേരും. ഹിഡന്‍ ബില്‍ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മറുപടി താങ്കളുടെ മുന്‍ റീഡിങ്ങുകള്‍ തെറ്റായിരുന്നു, ഇതാണ് യഥാര്‍ഥ ബിലെന്നാണ്. നിരവധി പേര്‍ക്കാണ് ഈ അനുഭവം.
ഇതോടെ ഉപഭോക്താക്കള്‍ എക്സിക്യൂട്ടീവ് എന്‍ഞ്ചിനീയറെ സമീപിച്ചു പരാതി പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായ രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമായിരുന്നു എക്സിക്യൂട്ടീവ് എന്‍ഞ്ചിനീയറുടെ വിശദീകരണം. എന്നാല്‍ ഹിഡന്‍ ബില്‍ തിരുത്താനുള്ള നടപടികള്‍ സംബന്ധിച്ച് വ്യക്തതയുമില്ല. അതിനാൽ ഉപഭോക്താക്കള്‍ ബുഡ്സ്മാനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.