ബാംഗ്ലൂർ: മലയാളി സി.ഇ.ഒയെ ഉൾപ്പെടെ രണ്ട് പേരെ ബാംഗ്ലൂരിൽ വെട്ടിക്കൊന്ന കേസിലെ പ്രതികൾ പിടിയിലായി. പിടിയിലായത് വിനയ് റെഡ്ഢി, ജോക്കർ ഫെലിക്സ് അഥവാ ശബരീഷ്, സന്തോഷ് എന്നിവരാണ്.
കൊല്ലപ്പെട്ടത് എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ എം.ഡി പാണീന്ദ്ര സുബ്രഹ്മണ്യയും സി.ഇ.ഒ വിനു കുമാറുമാണ്.
പ്രതികളിലൊരാളായ ജോക്കർ ഫെലിക്സ് ഈ കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്നു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതാണ് കൊലപാതകത്തിന് കാരണം. ഇരുവരെയും കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് നോർത്ത് ബാംഗ്ലൂരിലെ അമൃതഹള്ളിയിലെ പമ്പ എക്സ്റ്റൻഷനിൽ ആയിരുന്നു സംഭവം.
എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറാണ്. പ്രതിക്ക് ജോക്കർ ഫെലിക്സെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉണ്ട്.
ഇയാൾക്കൊപ്പം മറ്റു രണ്ടു പേരും ചേർന്ന് ഓഫീസിൽ അതിക്രമിച്ചു കയറിയായിരുന്നു കൊലപാതകം നടത്തിയത്. ഫെലിക്സ്, ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം മറ്റൊരു സ്റ്റാർട്ട് അപ്പ് തുടങ്ങിയിരുന്നു.
എയ്റോണിക്സ് തന്റെ പുതിയ സംരംഭത്തിന് ഭീഷണി ആണെന്ന് ഫെലിക്സ് കരുതി. ഇതും ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലെ പകയുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് നിഗമനം രേഖപ്പെടുത്തി.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് തുടക്കമിട്ടു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്ന സംശയത്തിന് ഇതോടെ തീർപ്പാകുമെന്നാണ് പൊലീസ് പറയുന്നത്.