ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് ഒരുകൂട്ടം പുരുഷന്മാർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ട് സ്ത്രീകളും കൂട്ടബലാത്സംഗത്തിനിരകളായതായി ഒരു ഗോത്രസംഘടന ആരോപിക്കുന്നു. മെയ് നാലിന്, ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിൽ നടന്ന സംഭവമാണിത്.
ഇത്തരമൊരു ഹീനകൃത്യം നടക്കുന്നതിന് തലേദിവസമാണ് മണിപ്പൂരിൽ മെയ്തെയ്- കുകി സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നിസ്സഹായരായ സ്ത്രീകളെ പുരുഷന്മാർ ക്രൂരമായി ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ട്. അവർ കരഞ്ഞപേക്ഷിച്ചിട്ടും അത് വകവെക്കാതെ ഉപദ്രവവും ആക്ഷേപവും തുടരുകയാണ്.
സ്ത്രീകൾ ആരൊക്കെയാണെന്ന് വ്യക്തമാകും വിധം വീഡിയോ പ്രചരിപ്പിച്ചത് ഈ പുരുഷന്മാരുടെ തീരുമാനപ്രകാരമാണെന്നും ആരോപണം ഉയരുന്നു. നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനെയും എസ്.റ്റി ദേശീയ കമ്മീഷനെയും ഗോത്ര സംഘടന സമീപിച്ചു.