ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം രാജ്യത്തിനു തന്നെ അപമാനമാണെന്നും കുറ്റവാളികൾക്ക് മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. സംസ്ഥാനത്തെ നിയമ വ്യവസ്ഥ ശക്തമാണെന്ന് മുഖ്യമന്ത്രിമാർ ഉറപ്പു വരുത്തണമെന്നും മോദി പറഞ്ഞു.
പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 140 കോടി ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് മണിപ്പുരിൽ നടന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നെന്നാരോപിച്ച് നിരവധി കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സംഭവത്തെ അപലപിച്ചിരുന്നു. അതിനിടെ, പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതിയും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ കേന്ദ്രം നേരത്തെ തന്നെ നടപടിക്ക് ഉത്തരവിട്ടിരുന്നു.
വീഡിയോ പിൻവലിക്കാൻ ട്വിറ്ററിനോടും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ടു. വിഷയത്തിൽ അന്വേഷണം നടക്കുന്നതിനാൽ വീഡിയോ ഷെയർ ചെയ്യരുതെന്ന് നിർദേശം.
അതേസമയം പ്രതിഷേധം ഉയർന്നതിനു പിന്നാലെ കുറ്റവാളികൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.