ന്യൂഡൽഹി: സമുദായ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ 2 സ്ത്രീകളെ ഇതരസമുദായക്കാരായ ആക്രമികൾ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ.
കൊടും ക്രൂരമായ സംഭവത്തിലെ മുഖ്യസൂത്രധാരനായ ഹെർദാസ് (32) എന്നയാളെയാണ് മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നും പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. വ്യപകമായി ശ്രദ്ധപിടിച്ചുപറ്റിയ വീഡിയോയിൽ പച്ച ടീഷർട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു.
മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. ഇതിനായി 12 പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോകൽ, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി.
മെയ് നാലിനാണ് കാങ്‌പോക്പി ജില്ലയിൽ 2 സ്ത്രീകളെ ഒരു സംഘം ആളുകൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇരുവരേയും നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും സംഭവത്തിന്‍റെ ദൃശ്യങ്ങൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.