ന്യൂഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ഉടൻ നടപടിയെടുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.
സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതിക്ക് നടപടി എടുക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നറിയിപ്പ് നൽകി.വർഗീയ കലാപം നടക്കുന്ന സ്ഥലത്ത് സ്ത്രീയെ ഇരയാക്കി ലൈംഗീക അതിക്രമം നടത്തുന്നത് അനുവദിക്കാനാകില്ല.
കുറ്റക്കാർക്കെതിരെ എന്ത് നടപടി സർക്കാർ എടുത്തുവെന്ന് ഒരാഴ്ചയ്ക്കകം കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. അതേസമയം സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രധാന പ്രതി ഹെറാദാസ് പൊലീസ് പിടിയിലായി.
തൗബാൽ ജില്ലയിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് പൊലീസിന്റെ നടപടി. മെയ് നാലിന് നടന്ന അതിക്രമത്തിന്റെ വീഡിയോ ഇന്നലെയാണ് പുറത്തുന്നത്.