ന്യൂഡൽഹി: മണിപ്പൂർ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിരയാക്കുകയും നഗ്നരാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.
ഇതിനിടെ മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ലോക്സഭയ്ക്കകത്തെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി ഈ വിഷയം ചർച്ച ചെയ്തു.
അതിനിടെ സോണിയ ഗാന്ധിയോട് ആരോഗ്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. മണിപ്പുരിലെ സംഭവം തികച്ചും നാണക്കേടുണ്ടാക്കുന്നതും വേദനാജനകവുമാണെന്ന് പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
കലാപം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ മൗനം തുടരുകയായിരുന്ന പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങളാണ് വിവിധ മേഖലകളിൽ നിന്നും ഉയർന്നിരുന്നത്.
ഇതിനിടെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. മണിപ്പൂർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സഭയും, രാജ്യസഭയും നിർത്തിവച്ചിരുന്നു. ലോക്സഭ 2 മണി വരെയും, രാജ്യസഭ 12 മണിവരെയുമാണ് നിർത്തിവച്ചിരുന്നത്.
വിഷയത്തിൽ ശാശ്വത പരിഹാരത്തിനായാണ് മോദിയുടെ നീക്കം.