തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിനിടെ മൈക്ക് ഓഫായ സംഭവത്തിൽ വെളിപ്പെടുത്തലുമായി പൊലീസ്.
മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗം മനഃപൂര്‍വ്വം തടസ്സപ്പെടുത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചതായാണ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ പൊലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. കേസെടുത്തതിനു പിന്നാലെ മൈക്ക്, ആംപ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തിയ ശേഷം മൈക്കും ആംപ്ലിഫയറും വിട്ടു കൊടുക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കേസെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സാങ്കേതിക പ്രശ്‌നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം.
എന്നാൽ മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന തരത്തിലാണ് എതിര്‍വാദങ്ങളും ഉയരുന്നുണ്ട്.