ഇടുക്കി: ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലെന്ന് ഉറപ്പു വരുത്തണമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ മേഖലകളില്‍ ലഹരിശൃംഖല പിടിമുറുക്കിയതായി റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ലഹരിയുടെ ഒഴുക്കും വിതരണവും കുറയുന്നുണ്ടോയെന്നും കേസുകളില്‍ കുറവ് സംഭവിച്ചിട്ടുണ്ടോയെന്നുമുള്ള കൃത്യമായ റിപ്പോര്‍ട്ട് പരിശോധനക്ക് വിധേയമാക്കണമെന്നും എംപി പറഞ്ഞു. 2023 ജനുവരി മുതലുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ പോലീസ്, എക്സൈസ് വിഭാഗങ്ങളോടും ഇത് വിശകലനം ചെയ്ത് കൃത്യമായ വിവരങ്ങളും റിപ്പോര്‍ട്ടും അടുത്ത യോഗത്തിന് മുന്നോടിയായി ലഭ്യമാക്കാണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലഹരിക്കെതിരായ കാമ്പയ്നുകള്‍ ഫലപ്രദമാണോ എന്ന് ഉറപ്പുവരുത്തണമെന്നും എംപി കൂട്ടി ചേര്‍ത്തു.
കുമളി മൂന്നാര്‍ പാതയില്‍ പാമ്പാടുംപാറ റോഡില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് ട്രീ കമ്മറ്റി കൂടി നടപടി സ്വീകരിക്കുക, ടൂറിസം കേന്ദ്രങ്ങള്‍, അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, പൂട്ടികിടക്കുന്ന തോട്ടം മേഖലയില്‍ റേഷന്‍ വിതരണം കാര്യക്ഷമമാക്കുക, തൊടുപുഴ ടൗണ്‍ മോര്‍ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് എംപി ആവശ്യപ്പെട്ടു.
രാജമാണിക്യം റിപ്പോര്‍ട്ട് മൂലം തോട്ടം മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്നും പീരുമേട് – വളഞ്ഞങ്ങാനം-നാല്പത്തി നാലാം മൈല്‍ റോഡ് തുറന്നു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും വാഴൂര്‍ സോമന്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.
കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ മണ്ണും മണലും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുക, തോട്ടം മേഖലയിലെ മൈതാനങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടക്കുന്ന വനംവകുപ്പ് നടപടി അവസാനിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു മുന്നോട്ടുവെച്ചു.
മുന്‍ യോഗങ്ങളിലെ തീരുമാനങ്ങളുടെ അവലോകനവും യോഗത്തില്‍ നടത്തി. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഓരോ വിഷയത്തിലും ഉണ്ടാകേണ്ടതെന്നും വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ ജില്ലാ വികസന സമിതി യോഗത്തിന് ഒരാഴ്ച മുന്‍പ് ലഭ്യമാക്കിയെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ പ്രസിഡന്റ് പി മാലതി, സബ് കളക്ടര്‍മാരായ ഡോ. അരുണ്‍ എസ് നായര്‍, രാഹുല്‍ കൃഷ്ണശര്‍മ്മ, പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എം എം ബഷീര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.