തളിപ്പറമ്പ്: ഏക സിവിൽകോഡ് മതധ്രുവീകരണത്തിനുള്ള വഴിമരുന്നാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഏക സിവിൽകോഡ് എല്ലാവർക്കുമായി നടപ്പാക്കുന്നുവെന്ന പേരിൽ ഫാസിസത്തിലേക്കുള്ള യാത്രയാണ് ഇന്ത്യയിൽ നടക്കുന്നത്.
എസ്എഫ്ഐ ആദ്യകാല പ്രവർത്തകരുടെ കൂട്ടായ്മ ‘ഗ്രാന്മ’ സംഘടിപ്പിച്ച കുടുംബസംഗമം ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.ബിജെപി വന്ദേ ഭാരതെന്ന് പറയിപ്പിക്കുകയാണ്. നിരന്തരം പറയുമ്പോഴാണ് വന്ദേ ഭാരത് കാവിയടയാളമാകുന്നത്.
കെ റെയിലിനെ കുറിച്ചാലോചിക്കാമെന്ന പൊതുവികാരമുയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ പി ഹംസക്കുട്ടി അധ്യക്ഷനായി. ടി മോഹനൻ റിപ്പോർട് അവതരിപ്പിച്ചു. പി കെ വിജയൻ, പ്രൊഫ. ഇ കുഞ്ഞിരാമൻ, കെ സുധാകരൻ, ചാലിൽ രമേശൻ, കെ കുഞ്ഞായിഷ, പി പി രമേശൻ എന്നിവർ സംസാരിച്ചു.
അടിയന്തരാവസ്ഥയിൽ പൊലീസിന്റെ കൊടിയ പീഡനം ഏറ്റുവാങ്ങിയ അഡ്വ. പി കെ വിജയൻ, പി പി രമേശൻ, ഗ്രാന്മ കുടുംബാംഗങ്ങളിൽ 75 വയസ്സുകഴിഞ്ഞ മാതാപിതാക്കൾ, സർവീസിൽനിന്ന് വിരമിച്ചവരേയും ആദരിച്ചു. ഗ്രാന്മ കുടുംബത്തിലെ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കലാപരിപാടികളും അരങ്ങേറി. പി കെ മഹേഷ് സ്വാഗതം പറഞ്ഞു.