Timely news thodupuzha

logo

കുടുംബവഴക്ക്; അമ്മയെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

പറവൂർ: കുടുംബവഴക്കിനെ തുടർന്ന് യുവാവ് അമ്മയെയും സഹോദരിയെയും സഹോദരിയുടെ ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ചാവക്കാട് കോട്ടപ്പടി ചോലൂർ വീട്ടിൽ ജിമ്മിയാണ്‌ (43) അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ അമ്മ തങ്കമ്മ ജോൺ (75), സഹോദരി ജിജി (41), സഹോദരിയുടെ ഭർതൃമാതാവ് വിക്ടോറിയ തോമസ് (74) എന്നിവർ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വെള്ളി രാവിലെ ഒമ്പതിന് ജിജി താമസിക്കുന്ന കണ്ണൻകുളങ്ങര പാലസ് റോഡിലെ പടിക്കൽ വീട്ടിലാണ് സംഭവം. ജിമ്മി, വീട്ടിലേക്ക് അതിക്രമിച്ചു കയറി തങ്കമ്മ ജോണിനെ ക്രൂരമായി മർദിച്ചു. തടയാൻ ശ്രമിച്ചപ്പോള്‍ ജിജിയുടെ കഴുത്തിലും വിക്ടോറിയയുടെ കൈയിലും കുത്തി.

തങ്കമ്മയ്ക്കും കൈയിൽ കുത്തേറ്റു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ തങ്കമ്മ ജോണിന്റെ കഴുത്തിൽ രണ്ട് കത്തികൾ ചേർത്തുവച്ച് ജിമ്മി ബഹളമുണ്ടാക്കുകയായിരുന്നു.

പൊലീസ് ഇയാളെ അനുനയിപ്പിച്ച് കത്തി കൈവശപ്പെടുത്തി, അറസ്റ്റ് ചെയ്‌തു. എറണാകുളത്ത് ഓട്ടോ ഡ്രൈവറായ ജിമ്മിക്കെതിരെ കൊച്ചിയില്‍ പിടിച്ചുപറിയുൾപ്പെടെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ജിജിക്ക് കഴുത്തിൽ 10 തുന്നല്‍ ഇട്ടിട്ടുണ്ട്. തങ്കമ്മ ജോണിനും വിക്ടോറിയ തോമസിനും കൈയിലേറ്റ മുറിവിനും തുന്നലിട്ടു.കുടുംബവഴക്കും സ്വത്ത് സംബന്ധിച്ച തർക്കവുംമൂലം ജിമ്മി 13 വർഷങ്ങളായി വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു.

പെട്രോൾ നിറച്ച ക്യാൻ, പെപ്പര്‍ സ്പ്രേ, നഞ്ചക്ക്, കത്തികൾ എന്നിവ ജിമ്മിയിൽനിന്ന്‌ പൊലീസ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐ പ്രശാന്ത് പി നായർ എന്നിവരുടെ നേതൃത്വത്തിലാണ് ജിമ്മിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *