ആലുവ: അഞ്ചു വയസുകാരിയെ ആലുവയിൽ കൊലപ്പെടുത്തിയ പ്രതിയുടെ പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. എറണാകുളം ജില്ലാ പോക്സോ കോടതി ഓഗസ്റ്റ് ഒന്നിനാണു പ്രതി ബിഹാർ അറാനിയ സ്വദേശി അസ്ഫക്ക് ആലത്തെ(28) അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ വിട്ടുനൽകിയത്. കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തു നിന്നു കുട്ടിയുടെ ചെരുപ്പും ബനിയനും കണ്ടെടുത്തു. സംഭവസ്ഥലത്തു നിന്നു ഫോറൻസിക് ഉദ്യോഗസ്ഥർ കണ്ടെത്തിയ സ്റ്റൗപിൻ പ്രതിയിൽ നിന്നും നഷ്ടപ്പെട്ടതായിരുന്നുവെന്നു തെളിഞ്ഞു.
സ്റ്റൗപിൻ വാങ്ങിയ കട കണ്ടെത്തുകയും കടയുടമ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. പ്രതി കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയ കടയും കണ്ടെത്തി.
ഗാരേജ് കവലയിൽ നിന്നും കുട്ടിയുമായി പ്രതി കയറിയ ബസിലെ കണ്ടക്റ്റർ, യാത്രക്കാരി, ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി എന്നിവരും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
അതേസമയം പ്രതിയുടെ വിവരങ്ങൾ തേടി ബിഹാറിലേക്കും ഡൽഹിയിലേക്കും തിരിച്ച അന്വേഷണസംഘവും ഇന്ന് രാത്രിയോ നാളെ പുലർച്ചെയോ തിരിച്ചെത്തിയേക്കും. രണ്ട് എസ്.ഐമാരുടെ നേതൃത്വത്തിൽ നാലംഗ സംഘമാണ് രണ്ട് ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നത്.
സയന്റിഫിക്ക് പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഡൽഹിയിലെ ഖാസിപ്പൂർ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരേ പോക്സോ കേസുണ്ടെന്നു തിരിച്ചറിഞ്ഞത്. 2018ൽ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണു ഖാസിപ്പൂരിലെ കേസ്.
ഇതു സംബന്ധിച്ച വിവരങ്ങൾ തിരക്കുന്നതിനാണ് അന്വേഷണസംഘം ഡൽഹിയിലേക്കു തിരിച്ചത്. പ്രതിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ബിഹാറിലെ പ്രതിയുടെ ബന്ധുക്കൾ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടെന്നാണു സൂചന.
ഏറെക്കാലമായി പ്രതിക്കു വീടുമായി ബന്ധമില്ലെന്നും ക്രിമിനൽ പ്രവർത്തനങ്ങൾ കൂടിയപ്പോൾ വീട്ടിൽ നിന്നും പുറത്താക്കിയെന്നുമാണു ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. ബിഹാറിലും പ്രതിക്കെതിരേ നിരവധി കേസുകളുണ്ടെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്.