ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായ പ്രതിപക്ഷ മുന്നണിയുടെ അവിശ്വാസ പ്രമേയത്തിനുമേലുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. ചർച്ചയിൽ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ അമിത് ഷാ വിശദീകരിച്ചേക്കും. അവിശ്വാസ പ്രമേയ ചർച്ചയിൽ ചൊവ്വാഴ്ച പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർസനമാണ് ഉയർന്നത്.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തത്, മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റാത്തത് എന്തുകൊണ്ട്, പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തിയത്. ലോകം മുഴുവൻ ചുറ്റി നടന്ന് സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിയുന്നത് കണ്ടിട്ടും പ്രതകരിക്കാൻ പ്രധാനമന്ത്രി തയാറാവുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിൽ പ്രതിപക്ഷം ഖേദിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. കിരൺ റിജിജുവിന് പുറമേ സ്മൃതി ഇറാനി ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാരും സംസാരിച്ചിരുന്നു. ചൊവ്വാഴ്ച അവിശ്വസ പ്രമേയത്തിനു മേലുള്ള ചർച്ചയ്ക്ക് രാഹുൽ ഗാന്ധിയാവും തുടക്കമിടുക എന്നായിരുന്നു പുറത്തു വന്ന വിവരം.
എന്നാൽ രാഹുൽ സഭയിൽ സംസാരിച്ചില്ല. ഇതിനെതിരെ പരിഹാസവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയതോടെ ലോക്സഭയിൽ ബഹളത്തിന് വഴിവച്ചു. എന്നാൽ പ്രധാനമന്ത്രി ഉള്ളപ്പോൾ സംസാരിക്കാനാണ് രാഹുൽ താൽപര്യപെടുന്നത്, അതിനാലാണ് ചർച്ചയിൽ രീഹുൽ പങ്കെടുക്കാത്തതെന്നാണ് വിവരം. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മേൽ പ്രധാനമന്ത്രി വ്യാഴാഴ്ച മറുപടി നൽകും.