Timely news thodupuzha

logo

ജെയ്‌ക്‌.സി.തോമസ്‌ പുതുപ്പള്ളിയിൽ എൽ.ഡി.എഫ്‌ സ്ഥാനാർഥി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്‌ക്‌.സി.തോമസ്‌ എൽ.ഡി.എഫ്‌ സ്ഥാനാർഥിയായി മത്സരിക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കോട്ടയത്ത്‌ വാർത്താസമ്മേളനത്തിലാണ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌.

എൽ.ഡി.എഫ്‌ രാഷ്‌ട്രീയമായാണ്‌ തെരഞ്ഞെടുപ്പ്‌ കൈകാര്യം ചെയ്യുക. ചില മാധ്യമങ്ങൾ എന്തൊക്കെയോ കഥ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്‌. ഇത്‌ രാഷ്‌ട്രീയപോരാട്ടമാണ്‌.

കേവലമായ വൈകാരിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല. തെരഞ്ഞെടുപ്പിൽ വിചാരണചെയ്യപ്പെടുക പ്രതിപക്ഷമായിരിക്കും. എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുകയാണ്‌ പ്രതിപക്ഷം.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരില്ല എന്നായിരുന്നു മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റേയും വിചാരം. സർക്കാരിനെതിരെ എന്തെല്ലാം അപവാദപ്രചരണങ്ങൾ നടത്തിയാലും ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണ്‌.

വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന്‌ അജണ്ടവച്ച്‌ തീരുമാനിച്ച പ്രതിപക്ഷമാണ്‌ കേരളത്തിലുള്ളത്‌. എല്ലാത്തിനെയും നിഷേധിക്കുന്ന നിലപാടാണ്‌ അവർക്ക്‌.

എന്നാൽ ജനങ്ങൾ കാര്യങ്ങൾ മനസിലാക്കുന്നുണ്ട്‌. രാജ്യത്തിന്‌ മാതൃകയായ സർക്കാരാണ്‌ കേരളത്തിലേതെന്നും കേരളത്തിനെതിരെ സാമ്പത്തിക പ്രതിരോധം തീർക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏത്‌ സാമ്പത്തിക പ്രതിസന്ധി വന്നാലും തീരുമാനിക്കപ്പെട്ട വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരാണിത്‌. പുതുപ്പള്ളിയിൽ എല്ലാ രാഷ്‌ട്രീയ സാഹചര്യങ്ങളും ചർച്ചയാക്കി പ്രവർത്തിക്കുമെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *