Timely news thodupuzha

logo

പുരാവസ്തു തട്ടിപ്പ്; ഐ.ജി.ലക്ഷ്മണ തിങ്കളാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഐ.ജി.ലക്ഷ്മണ തിങ്കളാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. തട്ടിപ്പിലെ കളളപ്പണ ഇടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ലക്ഷ്മണക്ക് നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ കഴിഞ്ഞദിവസം അറിയിച്ചു.

ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ഐ ജി ലക്ഷ്മണ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് കേസിൽ ലക്ഷ്മണ നൽകിയ മുൻകൂർ ജാമ്യ ഹർജിയും കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയും ഹൈക്കോടതി പരിഗണിക്കാനുണ്ട്.

പുരാവസ്തു തട്ടിപ്പിലെ ക്രൈംബ്രാഞ്ച് കേസിൽ മൂന്നാം പ്രതിയാണ് ഐ.ജി.ലക്ഷ്മണ. മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പായതിന് ശേഷം ഇ.ഡിക്ക് മുന്നിൽ ഹാജരായാൽ മതിയെന്നാണ് ലക്ഷ്മണിന് ലഭിച്ച നിയമോപദേശം.

കേസിൽ പ്രതിയായ മോൻസൺ മാവുങ്കലിന്റെ ആന്ധ്ര സ്വദേശികളുമായുള്ള സാമ്പത്തിക ഇടപാടുമായി ഐ.ജി ലക്ഷ്മണനും ബന്ധമുണ്ടെന്നാണ് ഇ.ഡി സംശയിക്കുന്നത്.

കേസിൽ ഐ.ജി ലക്ഷ്മണയ്ക്കു പുറമേ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രൻ എന്നിവരെയും ഇ.ഡി ചോദ്യം ചെയ്യും. ഈ മാസം 18ന് സുധാകരനെ ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. നേരത്തെ ക്രൈം ബ്രാഞ്ചിനു മുന്നിൽ സുധാകരൻ എത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *