Timely news thodupuzha

logo

സി.പി.എം നിലപാടുകൾ നയപരമാണെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സി.പി.എമ്മിന് ആരുമായും പിണക്കമോ വ്യക്തിപരമായ വിരോധമോ ഇല്ലെന്നും നിലപാടുകൾ നയപരമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

പുതുപ്പള്ളിയിൽ വളരെ ഫലപ്രദമായ രാഷ്ട്രീയ പോരാട്ടം നടത്താനാണ് സി.പി.എം സംസ്ഥാന സമിതി തീരുമാനമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

എൻ.എസ്.എസിൻറെ സമദൂര നിലപാടിനെപ്പറ്റിയുള്ള ചോദ്യത്തിനുത്തരം തെരഞ്ഞെടുപ്പിൽ സി.പി.എം ആരെയും ശത്രുപക്ഷത്തു നിർത്തുന്നില്ല. മുൻപുമില്ല, ഇപ്പോഴുമില്ല, ഇനിയുമില്ലെന്നായിരുന്നു.

പാർട്ടി എടുക്കുന്ന നിലപാടിനെ സംബന്ധിച്ചു കൃത്യമായ അഭിപ്രായം അപ്പപ്പോൾ രേഖപ്പെടുത്താറുണ്ട്. എൻഎസ്എസിൻറെ സമദൂരം പലപ്പോഴും സമദൂരമാകാറില്ല. സമദൂരമെന്നു പറഞ്ഞത് അത്രയും നല്ലത്. ഒരു ഭാഗത്ത് ഇല്ലല്ലോയെന്നും അഭിപ്രായപ്പെട്ടു.

സ്ഥാനാർഥിയെന്ന നിലയിൽ ആരെയും കാണുന്നതിന് കുഴപ്പമില്ല. സമുദായ സംഘടനാ നേതാക്കളെ കാണുന്നതിനെ തിണ്ണനിരങ്ങൽ എന്നൊക്കെയുള്ളത് കോൺഗ്രസിൻറെ പ്രയോഗമാണ്. വ്യക്തികളെ കാണുന്നതിനെന്തിനാ തിണ്ണ നിരങ്ങുന്നത്? വിവിധ സമുദായ സംഘടനാ നേതാക്കളെ കാണുന്നുണ്ട്. എല്ലാ വോട്ടർമാരെയും ഒറ്റയ്ക്കൊറ്റയ്ക്ക് കാണുമെന്നും അദ്ദേഹം അറിയിച്ചു.

ജി.സുകുമാരൻനായരോടായാലും വെള്ളാപ്പള്ളി നടേശനോടായാലും തെരഞ്ഞെടുപ്പിൻറെ ഭാഗമായി വോട്ട് അഭ്യർഥിക്കാനുള്ള ജനാധിപത്യ മര്യാദയും അവകാശവും സ്ഥാനാർഥിക്കുണ്ട്. എൻ.എസ്.എസിൻറെ പക്കലാണോ സമുദായ വോട്ടുകളെല്ലാം ഉള്ളതെന്ന ചോദ്യത്തിന്, അവരുടെ കൈയിലാണ് മുഴുവൻ വോട്ടെന്നചിന്തയില്ലെന്നും എന്നാൽ, അവരുടെ കൈയിലും വോട്ടുണ്ടെന്നുമായിരുന്നു ഗോവിന്ദൻറെ മറുപടി.

പുരോഗമന സ്വഭാവമുള്ള പാർട്ടിയാണ് സി.പി.എമ്മെങ്കിലും പുരോഗമന സ്വഭാവമല്ലാത്തവർക്കും വോട്ടുണ്ട്. അതിനാൽ എല്ലാവരോടും വോട്ട് അഭ്യർഥിക്കേണ്ടിവരും. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെട്ടോയെന്ന് പറയേണ്ടത് എൻ.എസ്.എസാണെന്നും ഗോവിന്ദൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടുന്ന ആദായനികുതി ട്രിബ്യൂണലിൻറെ വിധി സംബന്ധിച്ച ചോദ്യത്തിനോട് പ്രതികരിക്കാൻ സംസ്ഥാന സെക്രട്ടറി തയ്യാറായില്ല. മാധ്യമ പ്രവർത്തകർ ചോദ്യം തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം വാർത്താ സമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റു.

എൻ.എസ്.എസ് ഡയറക്റ്റർ ബോർഡ് അംഗം കൂടിയായ കെ.ബി.ഗണേശ് കുമാർ എൽ.ഡി.എഫ് ഘടകകക്ഷിയായി തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

ഗണേശ് കുമാറിനെ യു.ഡി.എഫിൽ ഉൾപ്പെടുത്താനും പാർലമെൻറ് തെരഞ്ഞെടുപ്പിനുമുമ്പ് മുന്നണി മാറ്റാനും യു.ഡി.എഫ് ശ്രമിക്കുന്നതിനെപ്പറ്റി വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗോവിന്ദൻറെ മറുപടി.

Leave a Comment

Your email address will not be published. Required fields are marked *