മുട്ടം: പാതയോരത്ത് തള്ളിയ തടിക്കഷ്ണത്തിൽ തട്ടി സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയും മകനും തലനാരിഴക്ക് എന്ന പോലെ അപകടത്തിൽ നിന്ന് രക്ഷപെട്ടു. തിങ്കൾ രാവിലെ 8 മണിയോടെ മുട്ടം എഞ്ചിനീയറിംഗ് കോളേജിന് സമീപത്താണ് സംഭവം.മേലുകാവ് സ്വദേശിയായ വീട്ടമ്മയും മകനും തൊടുപുഴ ഭാഗത്തുള്ള ബന്ധു വീട്ടിൽ പോയി തിരികെ സ്‌കൂട്ടറിൽ വരുമ്പോൾ പിന്നിൽ നിന്ന് വന്ന ബസിന് കടന്ന് പോകാൻ ഇടത് വശത്തേക്ക് സ്‌കൂട്ടർ ഒതുക്കിയപ്പോൾ പാതയോരത്ത് തള്ളിയിരിക്കുന്ന തടി ക്കഷ്ണത്തിൽ ചുരിദാറിന്റെ ഷാൾ ഉടക്കി.നിയന്ത്രണം തെറ്റി റോഡിന്റെ കട്ടിങ്ങിലേക്ക് തെന്നി മാറിയ സ്‌കൂട്ടർ പെട്ടന്ന് ബ്രേക്ക് പിടിച്ച് നിർത്തിയതിനാൽ വലിയ അപകടത്തിൽ നിന്നാണ് ഒഴിവായത്. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നിരുന്ന മകൻ ഭയന്ന് ഉച്ചത്തിൽ കരയുന്ന ശബ്ദം കേട്ട് മറ്റ് വാഹന യാത്രക്കാർ വാഹനങ്ങൾ നിർത്തി വിവരങ്ങൾ തിരക്കിയിരുന്നു.
പാതയോരങ്ങളിൽ തള്ളിയ അവശിഷ്ടങ്ങൾ മാറ്റിയിട്ടില്ല
സ്‌കൂട്ടർ യാത്രക്കാരിയും മകനും അപകടത്തിൽപെട്ട സ്ഥലത്തിന് ചുറ്റിലും പാതയോരത്ത് മരത്തിന്റെ തടിക്കഷ്ണങ്ങളും ചപ്പ് ചവറും കൂട്ടിയിട്ടിരിക്കുകയാണ്. എഞ്ചിനീയറിംഗ് കൊളേജിന് സമീപം അപകടത്തിൽ നിന്നിരുന്ന മരം മുറിച്ചതിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ തള്ളിയിരിക്കുന്നത്.പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും ഇതാണ് അവസ്ഥ.
മരം മുറിച്ച് മാറ്റിയിട്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞെങ്കിലും റോഡരുകിൽ തള്ളിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല.കോടതിയിൽ കേസ് നിലനിൽക്കുന്ന മരമാണ് മുറിച്ച് മാറ്റിയത് എന്നതിനാൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ കോടതി നിർദ്ദേശ പ്രകാരം മാത്രമേ സ്വീകരിക്കാൻ കഴിയു എന്നാണ് പൊതുമരാമത്ത്, ഫോറസ്റ്റ് അധികൃതർ പറയുന്നത്.മുട്ടം തോട്ടുങ്കര ഭാഗത്ത് അപകടാവസ്ഥയിൽ നിന്നിരുന്ന മരങ്ങൾ മുറിച്ച് മാറ്റിയെങ്കിലും അവശിഷ്ടങ്ങൾ റോഡിന്റെ വശങ്ങളിലും പരപ്പാൻ തോട്ടിലുമായി കിടക്കുകയാണ്.ഇത് നീക്കം ചെയ്യാനുള്ള നടപടികൾക്ക് വേണ്ടി മുട്ടം പഞ്ചായത്ത് അധികൃതർ ഫോറസ്റ്റ് അധികൃതരെ വിവരം നിരവധി പ്രാവശ്യം അറിയിച്ചെങ്കിലും ഫോറസ്റ്റ് അധികൃതർ എത്തിയിട്ടില്ല.നിയമത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളി വിടാതെ അപകടാവസ്ഥ അടിയന്തിരമായി പരിഹരിക്കാൻ ഫോറസ്റ്റ് അധികൃതർ തയ്യാറാകണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.