Timely news thodupuzha

logo

ആയുധ പരിശീലനം; പച്ച നുണ പറഞ്ഞ് ആർ.എസ്.എസിനെ വേട്ടയാടുന്നത് രാഷ്‌ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ്; കുമ്മനം രാജശേഖരൻ

കൊച്ചി: ക്ഷേത്രങ്ങളെ സിപിഎമ്മിൻറെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് പാർട്ടിയുടെ ഉപഗ്രഹമാക്കി മാറ്റുകയെന്ന ദുഷ്ടലാക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ സർക്കുലറിനു പിന്നിലുളളതെന്ന് സംഘ പരിവാർ നേതാവ് കുമ്മനം രാജശേഖരൻ.

ആയുധ പരിശീലനം നടത്തുന്നുവെന്ന പച്ച നുണ പറഞ്ഞ് ആർഎസ്എസിനെ വേട്ടയാടുന്നത് രാഷ്‌ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

തീവ്രവാദ പ്രസ്ഥാനമെന്നു വരുത്തിത്തീർത്ത് ആർഎസ്എസിനെ ക്ഷേത്രങ്ങളിൽ നിന്നും പരിപൂർണമായി തുടച്ചുനീക്കുകയും ക്ഷേത്രങ്ങളെ സിപിഎമ്മിൻറെ വരുതിയിലാക്കി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന കേന്ദ്രമാക്കുകയുമാണ് ബോർഡിൻറെ ലക്ഷ്യമെന്നും കുമ്മനം.

വിശ്വഹിന്ദു പരിഷത്തിൻറെയും ഹിന്ദു ഐക്യവേദിയുടെയും ജനറൽ സെക്രട്ടറിയായിരുന്ന കുമ്മനം, ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം, ഗോവ മുൻ ഗവർണറുമാണ്. മെട്രൊ വാർത്ത ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ആർഎസ്എസിനെതിരായ ആരോപണങ്ങൾ നിഷേധിച്ചത്.

ക്ഷേത്രാചാരങ്ങൾക്കോ വിശ്വാസങ്ങൾക്കോ വിരുദ്ധമായി എന്തെങ്കിലും പ്രവർത്തനം ആർഎസ്എസ് നടത്തുന്നതായി ദേവസ്വം ബോർഡ് യുക്തിഭദ്രമായി തെളിയിച്ചിട്ടില്ല. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിലും ആചാര സംരക്ഷണത്തിനും ഒട്ടേറെ ത്യാഗം സഹിച്ചിട്ടുളളവരാണ് ആർഎസ്എസ് പ്രവർത്തകർ.

അന്യാധീനപ്പെട്ടു പോയ ദേവസ്വം ഭൂമി വീണ്ടെടുക്കാനും ജീർണോദ്ധാരണം നടത്തി നവീകരിക്കാനും എക്കാലവും അവർ മുൻപന്തിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ആർഎസ്എസ് ക്ഷേത്രങ്ങൾക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ കണക്കിലെടുക്കാനോ മനസിലാക്കാനോ ഈ ദേവസ്വം ബോർഡ് തയാറാകുന്നില്ല. രാഷ്‌ട്രീയ വേർതിരുവുകൾക്ക് അതീതമായി ക്ഷേത്ര താത്പര്യം ഉയർത്തിപ്പിടിച്ചും എല്ലാവരേയും ഉൾക്കൊണ്ടും വിശാലവും സമഗ്രവുമായ സമീപനമാണ് ദേവസ്വം ബോർഡിന് ഉണ്ടാകേണ്ടത്.

അതിലൂടെ ശാന്തവും ഭക്തിനിർഭരവുമായ സമാധാനാന്തരീക്ഷം ക്ഷേത്രങ്ങളിൽ ഉണ്ടാകാൻ ദേവസ്വം ബോർഡ് അടിയന്തിര നടപടികൾ കൈകൊളളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *