Timely news thodupuzha

logo

സംരക്ഷിക്കാൻ ശ്രമിച്ചത് ജനാധിപത്യ മൂല്യങ്ങളെ: ആർ ഹരി

തൊടുപുഴ: നഗരസഭാ കൗൺസിലർ എന്ന നിലയിൽ സംരക്ഷിക്കാൻ ശ്രമിച്ചത് ജനാധിപത്യ മൂല്യങ്ങളെയാണെന്ന് എൽ ഡി എഫ് കൗൺസിലർ ആർ ഹരി പറഞ്ഞു.

കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ച പദ്ധതികൾ തന്നിഷ്ടപ്രകാരം തിരിമറി ചെയ്തതിനെ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ചോദ്യം ചെയ്യുകയും തിരുത്തിക്കുകയും മാത്രമാണ് ചെയ്തത്. അതിന് വിഭാഗീയതയുടെ നിറം കൊടുക്കുന്നത് ശരിയല്ല.

കൗൺസിൽ തീരുമാനം തിരിമറി ചെയ്ത് സ്വന്തം വാർഡിലേക്ക് പണം വകമാറ്റിയ ചെയർപേഴ്സന്റെ നടപടിയെ 34 കൗൺസിലർമാരും ഒറ്റക്കെട്ടായി ആണ് ചെറുത്തത്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി വ്യത്യാസമില്ലാതെയുള്ള ഈ ചെറുത്ത് നിൽപ്പ് തൊടുപുഴ നഗരസഭയിൽ ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തുകയും ചെയ്തു.

നവംബർ 11 ന് ചേർന്ന കൗൺസിൽ യോഗം ഏകകണ്ഠമായി അംഗീകരിച്ച അഞ്ച് പദ്ധതികൾ ജില്ലാ പ്ലാനിങ് കമ്മിറ്റിക്ക് അംഗീകാരത്തിന് സമർപ്പിച്ചപ്പോൾ ഞാൻ പ്രതിനിധാനം ചെയ്യുന്ന മുപ്പതാം വാർഡിലെ അങ്കണവാടി മനഃപൂർവം ഒഴിവാക്കി. അങ്കണവാടി നിർമാണത്തിന് 10 ലക്ഷം രൂപ കൂടി അനുവദിക്കാനും ബഹുവർഷ പദ്ധതിയായി നടപ്പാക്കാനുമായിരുന്നു കൗൺസിൽ തീരുമാനം. 33-ആം വാർഡിലെ ഒരു അങ്കണവാടി, നാല് ലക്ഷം രൂപയുടെ ഹാപ്പിനെസ്സ് പാർക്ക്, ആറ് ലക്ഷത്തിന്റെ വെങ്ങല്ലൂർ ഷോപ്പിംഗ് കോംപ്ലക്സ് എന്നീ പദ്ധതികളും കൗൺസിൽ അറിയാതെ ഒഴിവാക്കപ്പെട്ടു.

അതേ സമയം, പതിനേഴാം വാർഡിലെ ഇലഞ്ഞിക്കുഴി തോട്ടിൽ പാലം നിർമ്മിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കും കൗൺസിൽ അറിയാതെ പൊതുഫണ്ടിൽ നിന്ന് പണം മാറ്റി. ഇത് കയ്യും കെട്ടി നോക്കിയിരുന്നെങ്കിൽ സംസ്ഥാനത്തെ നഗരസഭകളുടെ ചരിത്രത്തിലെ തന്നെ തീരാകളങ്കമായേനെ.

എന്റെ വാർഡിലെ പദ്ധതി ചട്ടവിരുദ്ധമായി വെട്ടിയതിനെതിരെ ജില്ലാ പ്ലാനിങ് കമ്മിറ്റിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയത് ഒറ്റയ്ക്കാണ്. പദ്ധതികൾ നഷ്ടപ്പെട്ട മറ്റു കൗൺസിലർമാരും ഇതേ പോലെ പരാതി നൽകിയിട്ടുണ്ടാവാം.

21ന് ചേർന്ന ജില്ലാ പ്ലാനിംഗ് കമ്മിറ്റി യോഗത്തിന് പരാതിയുടെ ഗൗരവം ബോധ്യപ്പെട്ടെന്ന് വേണം കരുതാൻ. അതുകൊണ്ടാണ് അവർ പദ്ധതിക്ക് അംഗീകാരം നൽകാതെ തിരിച്ചയച്ചത്. ഗത്യന്തരമില്ലാതെ വിശേഷാൽ കൗൺസിൽ യോഗം ചേർന്ന് തെറ്റ് തിരുത്തുകയാണുണ്ടായത്.

വാർഡ് സഭയും വികസനസെമിനാറും കൗൺസിലും അംഗീകരിച്ച പദ്ധതികൾ തന്നെയാണ് നടപ്പിലാക്കുന്നതെന്ന് ഉറപ്പോക്കേണ്ട കടമ കൗൺസിലർ എന്ന നിലയിൽ എനിക്കുണ്ട്. അത് നടപ്പാക്കുകമാത്രമാണ് ചെയ്തത്.

തെറ്റ് ചെയ്തവർ അത് തിരുത്തുകയും കൗൺസിലിൽ ഏറ്റുപറയുകയും ചെയ്ത കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1988 മുതൽ കൗൺസിൽ അംഗമാണ് ഞാൻ. മൂന്നു പതിറ്റാണ്ട് തൊടുപുഴ സർവീസ് സഹകരണ ബാങ്ക് ബോർഡ്‌ മെമ്പറും ആയിരുന്നു.

ഒരിക്കൽ പോലും ഒരു ഔദ്യോഗിക സ്ഥാനവും ആഗ്രഹിച്ചിട്ടില്ല. ആവശ്യപെട്ടിട്ടുമില്ല. ഇടതു പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ എല്ലാ കാലവും ശ്രമിച്ചിട്ടുണ്ട്. പൊതുപ്രവർത്തന രംഗത്ത് നിലനിൽക്കുന്ന കാലത്തോളും അത് തുടരുകയും ചെയ്യുമെന്നും ഹരി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *