ഗാസ സിറ്റി: വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പിലേക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 50 പേരുടെ മരണം സ്ഥിരീകരിച്ചു. ഇസ്രയേൽ അയച്ച റോക്കറ്റ് ജബാലിയയിലെ അഭയാർത്ഥി ക്യാമ്പിൽ പതിക്കുകയായിരുന്നു.
കെട്ടിടം പാടേ തകർന്നു. വൻ ഭൂകമ്പത്തിന്റെ പ്രതീതിയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
യുദ്ധം രണ്ടാംഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെ ഗാസ സിറ്റിയെ വരിഞ്ഞുമുറുക്കി ഇസ്രയേൽ ടാങ്കുകൾ. വടക്കുകിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ച് ഹമാസ് പോരാളികളുമായി കടുത്ത ഏറ്റുമുട്ടൽ നടക്കുന്നതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
വടക്കുകിഴക്കൻ മേഖലയിൽ ഇസ്രയേൽ സൈന്യത്തിനെതിരെ വൻ ചെറുത്തുനിൽപ്പ് നടത്തിയെന്നും ഇസ്രയേൽ സൈനികനെ വധിച്ചെന്നും ഹമാസ് വൃത്തങ്ങൾ പറഞ്ഞു. ഹമാസ് ബന്ദിയാക്കിയ ഒരു ഇസ്രയേൽ സൈനികയെ തിങ്കൾ രാത്രി മോചിപ്പിച്ചിരുന്നു.
ആക്രമണം ഭയന്ന് എട്ടുലക്ഷംപേർ തെക്കൻ മേഖലയിലേക്ക് ഇതിനോടകം പലായനം ചെയ്തു. അതിനിടെ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളി.
ഗാസ ഭരിക്കുന്ന ഹമാസിനെ അപ്പാടെ തകർക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ 8525 ഗാസ നിവാസികൾ കൊല്ലപ്പെട്ടു.
ഗാസയിൽ സാധാരണ ലഭിക്കുന്നതിന്റെ അഞ്ചുശതമാനം കുടിവെള്ളം മാത്രമാണ് ലഭിക്കുന്നത്. കുഞ്ഞുങ്ങൾ വെള്ളം കിട്ടാതെ മരിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകി.
ഗാസയിലേക്ക് ഇന്ധം എത്തിച്ചല്ലെങ്കിൽ വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞു. യുദ്ധം സിറിയയിലേക്കും വ്യാപിക്കാൻ സാധ്യതയെന്ന് യു എൻ മുന്നറിയിപ്പ് നൽകി.