ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടുകൾ എത്തിക്കുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്നതായി ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.
ബോണ്ടുകളുടെ നിയമസാധുത ചോദ്യംചെയ്‌ത ഹർജികൾ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് മുമ്പാകെയാണ് വാദം.
ആറുവർഷത്തിനുള്ളിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപി 5271 കോടി രൂപ സമാഹരിച്ചതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനു(എ.ഡി.ആർ) വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാണിച്ചു.
2021–2022 വരെയുള്ള കണക്ക് പ്രകാരമാണ് ബി.ജെ.പിക്ക് ഇത്രയും തുക ലഭിച്ചത്. അതിനുശേഷം 3500 കോടിയുടെ ബോണ്ടുകൾകൂടി വിറ്റുപോയി. ബിജെപിക്ക് ബോണ്ട് മുഖേന ലഭിച്ച സംഭാവന മറ്റു പാർടികൾക്ക് ലഭിച്ച മൊത്തം സംഭാവനയേക്കാൾ മൂന്നുമടങ്ങ് അധികമാണ്.
ഇലക്ടറൽ ബോണ്ടിലൂടെയുള്ള ഒറ്റരൂപയും വേണ്ടെന്ന തത്വാധിഷ്‌ഠിത നിലപാട് സ്വീകരിച്ച ഏക പാർടിയാണ് സി.പി.ഐ.എമ്മെന്ന് അഡ്വ. ഷാദൻ ഫറാസത്ത് കോടതിയെ അറിയിച്ചു.
വിവിധ കക്ഷികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഡ്വ. നിഷാം പാഷ എന്നിവരും വാദിച്ചു. ബുധനും വാദംകേൾക്കൽ തുടരും. ഇലക്ടറൽ ബോണ്ട് മുഖേന ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് മുദ്രവച്ച കവറിൽ കൈമാറണമെന്ന ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു.