തൃശൂർ: ശ്രീ കേരള വർമ കോളേജ് ചെയർമാൻ തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ എസ്.എഫ്.ഐയ്ക്കു വിജയം. എസ്.എഫ്.ഐയുടെ സ്ഥാനാർഥി അനിരുദ്ധൻ 111 വോട്ടുകൾക്ക് വിജയിച്ചതായി കോളേജ് അധികൃതർ പ്രഖ്യാപിച്ചു.
ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചുവെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. കേരള വർമയുടെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെ.എസ്.യു സ്ഥാനാർഥി ജനറൽ സീറ്റിൽ വിജയിച്ചതായി ഫലം വരുന്നത്.
ഫലം വന്നതിനു പുറക കെ.എസ്.യു പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ എസ്.എഫ്.ഐയുടെ ആവശ്യ പ്രകാരം വീണ്ടും കൗണ്ടിങ്ങ് നടത്തിയതോടെ വിജയം എസ്.എഫ്.ഐ പക്ഷത്തായി.
പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥിയായ ശ്രീക്കുട്ടൻ കാഴ്ചാ പരിമിതിയുള്ള വ്യക്തിയാണ്. ഇടതു പക്ഷ സംഘടനയിലെ അധ്യാപകർ ഇടപെട്ടാണ് തെരഞ്ഞെടുപ്പു ഫലത്തിൽ മാറ്റം വരുത്തിയതെന്ന് കെ.എസ്.യു ആരോപിച്ചു.
റീ കൗണ്ടിങ്ങ് സമയത്ത് രണ്ടു തവണ വൈദ്യുതി തടസ്സപ്പെട്ടതായും കെ.എസ്.യു ആരോപിക്കുന്നുണ്ട്. കെ.എസ്.യു റീ കൗണ്ടിങ്ങ് ബഹിഷ്കരിച്ചിരുന്നു. റീ കൗണ്ടിങ്ങിനെതിരേ കെ.എസ്.യു കോടതിയെ സമീപിച്ചേക്കും.
സംഘർഷാവസ്ഥ കണക്കിലെടുത്ത് കോളെജിൽ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ, എം.എൽ.എ സനീഷ് കുമാർ ജോസഫ് എന്നിവർ കോളേജിലെത്തിയിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് റീ കൗണ്ടിങ്ങ് നിർത്തി വയ്ക്കാൻ പൊലീസ് അഭ്യർഥിച്ചിരുന്നു, എങ്കിലും കോളേജ് അധികൃതർ അതിനു തയാറായില്ല.