ഇംഫാൽ: സാമുദായിക സംഘർഷം തുടരുന്ന മണിപ്പൂരിലെ ഇംഫാലിൽ പൊലീസ് സ്റ്റേഷൻ ഘെരാവോ ചെയ്യാൻ ശ്രമിച്ച് അക്രമികൾ. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്‍റെ ഔദ്യോഗിക വസതിക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനാണ് അക്രമികൾ വളഞ്ഞത്.
സ്റ്റേഷനിൽ നിന്ന് ആയുധങ്ങൾ കവരുകയായിരുന്നു ലക്ഷം. പൊലീസ് പല തവണ വെടിയുതിർത്തതിനെത്തുടർന്നാണ് ആൾക്കൂട്ടം പിരിഞ്ഞു പോയത്.
കലാപകാരികളുടെ ആക്രമണത്തിൽ ഒരു പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിനു പുറകേയാണ് പൊലീസ് സ്റ്റേഷനു ചുറ്റും അക്രമികൾ ഒത്തു കൂടിയത്. അതിർത്തി നഗരത്തിലെ ഹെലി പാഡ് സന്ദർശിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനാണ് ആക്രമണത്തിൽ പരുക്കേറ്റ് മരണപ്പെട്ടത്.
തെങ്ക്നുവോപാൽ ജില്ലയിലും പൊലീസിനു നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ 3 പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്. ആ സാഹചര്യത്തിൽ ഇംഫാലിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യു ഇളവ് പിൻവലിച്ചിട്ടുണ്ട്.