Timely news thodupuzha

logo

കോടികൾ വാരിയ ‘കനാ യാരി’ ഗായകൻ കൈക്കുഞ്ഞുമായി തെരുവില്‍

കോക്ക് സ്റ്റുഡിയോയുടെ 14 ആം സീസൺ തുടങ്ങിയപ്പോൾ ‘കനാ യാരി’ എന്ന ഗാനമാണ് ഏറ്റവുമാദ്യം സംഗീതപ്രേമികളുടെ ഹൃദയംതൊട്ടത്. കൈഫി ഖലീലും ഇവ ബിയും അബ്ദുല്‍ വഹാബ് അലി ഭുക്തിയും ചേര്‍ന്ന് പാടിയ ഈ പാട്ട് ലോകം മുഴുവൻ ഏറ്റുപാടി. വിവാഹാഘോഷങ്ങളിലും ഡിജെ പാർട്ടികളിലുമുൾപ്പെടെ കനാ യാരി ഉയർന്നുകേട്ടു. മൂന്നരക്കോടിയോളം ജനങ്ങൾ കേട്ട ഈ ഗാനത്തിന്റെ ഗായകൻ വഹാബ് അലി ഭുക്തി ഇന്ന് ദുരിതക്കയത്തിലാണ്. 

ബലൂചിസ്ഥാൻ പ്രളയത്തിൽ വീടും സകല സ്വത്തുക്കളും നഷ്ടപ്പെട്ടു തെരുവിൽ അലയുകയാണ് ഭുക്തി. പ്രളയം കവർന്നെടുത്ത വീടിനു മുന്നിൽ തന്റെ കൈക്കുഞ്ഞിനെയും നെഞ്ചോടു ചേർത്തു പിടിച്ചു നിൽക്കുന്ന വഹാബ് അലി ഭുക്തിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഒരു സന്നദ്ധ സംഘടന പ്രവർത്തകയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഭുക്തിയെ സാമ്പത്തികമായി സഹായിക്കാൻ അദ്ദേഹത്തിന്റെ മൊബൈൽ നമ്പറും മറ്റു വിവരങ്ങളും നൽകിയിട്ടുമുണ്ട്.