Timely news thodupuzha

logo

ഹൃദ്രോഗ ചികിത്സയിലെ പുതിയ കാൽവെപ്പുകൾ ചർച്ച ചെയ്ത് കാർഡിയോളജിക്കൽ സൊസൈറ്റി

തൊടുപുഴ:  ഹൃദ്രോഗ പ്രതിരോധം, ചികിത്സ എന്നിവയിലെ  പുതിയ ശാസ്ത്ര നേട്ടങ്ങൾ  ചർച്ച ചെയ്ത് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിന്റെ (സിഎസ്ഐ-കെ) സമ്മേളനം തൊടുപുഴ റിവർ ബാങ്ക്സ് മാടപ്പറമ്പിൽ റിസോർട്ടിൽ നടന്നു.  സി.എസ്.ഐ. കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.പ്രഭാ നിനി ഗുപ്ത സമ്മേളനം   ഉദ്ഘാടനം ചെയ്തു. 

ഹൃദയാഘാതത്തിലേക്കും  മറ്റ് സങ്കീർണതകളിലേക്കും നയിക്കുന്ന സാഹചര്യങ്ങൾ തടയുന്നതിന് കൃത്യതയേറിയ രോഗനിർണ്ണയ –  ചികിത്സാ സാങ്കേതികവിദ്യ , പുതിയ ഗവേഷണം, വൈദഗ്ധ്യം എന്നിവയെല്ലാം നിർണ്ണായകമാണെന്ന്  ഡോ.പ്രഭാ നിനി ഗുപ്ത പറഞ്ഞു.രക്താതിസമ്മർദ്ദം, കാർഡിയാക് കെയർ എന്നിവയിലെ ബീറ്റാ ബ്ലോക്കർ മരുന്നുകളെക്കുറിച്ച് , വൈസ് പ്രസിഡന്റും സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. ജയഗോപാൽ പി.ബി സംസാരിച്ചു. 

സ്ഥിരമായ മാനസിക പിരിമുറുക്കം അഡ്രിനാലിൻ അളവ് ഉയർത്തി രക്ത സമ്മർദ്ദം കൂട്ടുന്നത്  ബീറ്റാ-ബ്ലോക്കറുകൾ തടയുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നു. കൂടാതെ ഹൃദയാഘാതം ആവർത്തിക്കുന്നതുൾപ്പെടെയുള്ള പല  സങ്കീർണ്ണ ഹൃദ്രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു,’ ഡോ. ജയഗോപാൽ പി.ബി പറഞ്ഞു.

ഉൽഘാടന സമ്മേളനത്തിൽ കാർഡിയോളജിക്കൽ  സൊസൈറ്റി  കേരള ചാപ്റ്റർ വൈസ് പ്രസിഡന്റും സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ.ജയഗോപാൽ പി.ബി, സെക്രട്ടറി ഡോ.സ്റ്റിജി ജോസഫ്, ഓർഗനൈസിങ് ചെയർമാൻ ഡോ.മാത്യു ഏബ്രഹാം, ഓർഗനൈസിങ് സെക്രട്ടറി ഡോ.ടോണി തോമസ്,ഡോ. ലോറൻസ് ജെസുരാജ് , ഡോ.ജെയിംസ് തോമസ് എന്നിവർ സംസാരിച്ചു.

കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിലെ ഇലക്‌ട്രോഫിസിയോളജിസ്റ്റ് ഡോ. ലോറൻസ് ജെസുരാജ് തെറ്റായ വൈദ്യുത സിഗ്നലുകൾ നൽകി ക്രമരഹിതമായ ഹൃദയമിടിപ്പുണ്ടാക്കുന്ന സംയുക്ത കോശങ്ങളെ നശിപിക്കാൻ  ഉപയോഗിക്കുന്ന അട്രിയൽ ഫൈബ്രിലേഷൻ ക്രയോഅബ്ലേഷനെക്കുറിച്ച് പ്രഭാഷണം നടത്തി.

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഡിസ്ലിപിഡീമിയ രോഗികൾ എന്നിവയുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനുള്ള  പുതിയ മരുന്നുകളെക്കുറിച്ചും ക്രമരഹിതമായ ഹൃദയമിടിപ്പ് ചികിത്സയിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും വിദഗ്ധർ ചർച്ച ചെയ്തു.

ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട്, ഒസിടി തുടങ്ങിയ കാർഡിയാക് ഇമേജിംഗ്  സാങ്കേതിക വിദ്യകളും ഇമേജിംഗിന്റെ പുതിയ രീതികളും ചർച്ചാ വിഷയമായി. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം  ഹൃദ്രോഗ വിദഗ്ധർ  സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *