Timely news thodupuzha

logo

നെഗറ്റീവ് എനർജി മാറാൻ പ്രാർഥന; തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ

തൃശൂർ: ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി മാറാൻ പ്രാർഥന നടത്തിയ സംഭവത്തിൽ തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ. ശിശു സംരക്ഷണ ഓഫീസർ കെ.എ. ബിന്ദുവിനെയാണ് സസ്പെന്‍റ് ചെയ്തത്.

സെപ്റ്റംബർ 29നാണ് ഓഫീസിനെ നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന നടത്തിയത്. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിര്‍ദേശപ്രകാരം തൃശ്ശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാർഥന നടത്തിയത്.

ഓഫിസ് സമയത്തായിരുന്നു പ്രാർഥന. ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥന നടന്നത്. അഞ്ച് മിനിട്ടുകൊണ്ട് പ്രാഥന അവസാനിച്ചു.

എന്നാൽ ഓഫീസില്‍ നിന്ന് കരാര്‍ ജീവനക്കാര്‍ പിരിഞ്ഞു പോവാൻ തുടങ്ങിയതോടെ പ്രാര്‍ഥന ഫലിക്കുകയാണോയെന്ന് കളിയാക്കല്‍ വന്നതോടെയാണ് ഏഴ് പേർ മാത്രം അറിഞ്ഞ രഹസ്യ പ്രാർഥന പുറത്താവുന്നത്.

മാനസിക സംഘര്‍ഷം മാറാന്‍ പ്രാർഥന നല്ലതാണെന്ന് സഹപ്രവര്‍ത്തകനായ വൈദിക വിദ്യാര്‍ഥി പറഞ്ഞപ്പോള്‍ സമ്മതിച്ചതാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫീസറുടെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *