കണ്ണൂർ: മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
വടിയും കല്ലുമായാണ് അവർ വന്നത്. പ്രതിഷേധിച്ചവർക്ക് നേരെ നടന്നത് സ്വാഭാവിക ചെറുത്ത് നിൽപ്പ് മാത്രമാണ്. യൂത്ത് കോൺഗ്രസുകാരെ ആരും മർദിച്ചിട്ടില്ലെന്നും അവർ തിരിച്ച് ആക്രമിക്കുകയാണ് ചെയ്തതെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
പരിശീലനം ലഭിച്ചവരാണ് മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം. അക്രമങ്ങൾ ഇല്ലായ്മ ചെയ്യുന്നതിൻറെ ഭാഗമായാണ് പ്രവർത്തകർ തടഞ്ഞത്.
കേരളമായതും കൊണ്ടും സി.പി.എം ആയതുകൊണ്ടും എൽഡിഎഫ് ആയതുകൊണ്ടുമാണ് അവർക്ക് ഒന്നും സംഭവിക്കാതിരുന്നത്. അവരെ പൊലീസ് മർദിച്ചിട്ടില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.
അതേസമയം, ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തിച്ചതെന്നും അതിനെ പ്രത്യേകിച്ച് അപലപിക്കണ്ട ആവശ്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ഒരു തരത്തിലുള്ള അക്രമത്തിനെയും സി.പി.ഐ.എം പിന്തുണക്കില്ല. യൂത്ത് കോൺഗ്രസിൻറേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ്. എന്നാൽ അതിനെ ജനങ്ങൾ വളരെ ആത്മനയന്ത്രണത്തോടെ കൈകാര്യം ചെയ്തു.
പ്രതിപക്ഷം സഹകരിച്ചിരുന്നുവെങ്കിൽ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് പ്രധാനപ്പെട്ട ഇടമുണ്ടാകുമായിരുന്നു. എന്ത് വിമർശനവും വിയോജിപ്പും ജനങ്ങളെ സാക്ഷി നിർത്തി പറയാനുള്ള അവസരമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത്.
എത്ര പ്രകോപനം ഉണ്ടായിരുന്നാലും സി.പി.എമ്മോ ഇടതു മുന്നണിയോ ഒരു തരത്തിലുള്ള കൈയേറ്റത്തിനും തയാറാവില്ലെന്നും ഇത്തരത്തിലുള്ള ഒരു സംഭവം ഇനിയുണ്ടായവാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.