ഉത്തരകാശി: പതിനേഴു ദിവസങ്ങൾ നീണ്ടു നിന്ന കഠിന പ്രയത്നം വിജയം കണ്ടപ്പോൾ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയിരുന്ന 41 പേരാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഉത്തരാഖണ്ഡ് സിൽക്യാര ടണലിലെ രക്ഷാദൗത്യം വിജയിച്ചതിൻറെ സന്തോഷത്തിൽ രക്ഷാപ്രവർത്തകർ നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അന്താരാഷ്ട്ര വിദഗ്ധൻ അർണോൾഡ് ഡിക്സാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. സൈന്യവും എൻഡിആർഎഫും അടക്കം നിരവധി ഏജൻസികൾ രക്ഷാദൗത്യത്തിൽ ആദ്യന്തം പങ്കാളികളായിരുന്നു. അർണോൾഡ് ഡിക്സിൻറെ നേതൃത്വത്തിലാണ് രക്ഷാദൗത്യം പരിപൂർണ വിജയം കണ്ടത്. തുരങ്കത്തിലേക്ക് സമാനമായ മറ്റൊരു തുരങ്കം നിർമിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കുത്തനെ തുരങ്കം നിർമിച്ചാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.
ഇടിയാൻ സാധ്യതയുള്ള തുരങ്കത്തിൽ വളരെ മൃദുവായി മറ്റൊരു തുരങ്കം സൃഷ്ടിക്കുക എന്നതായിരുന്നു യഥാർഥ വെല്ലുവിളിയെന്ന് ഡിക്സ് പറയുന്നു. രക്ഷാദൗത്യത്തിനൊടുവിൽ എല്ലാവരെയും ഒരു പരുക്കു പോലുമില്ലാതെ രക്ഷപ്പെടുത്താൻ കഴിയുമ്പോൾ രക്ഷാപ്രവർത്തകർ എത്രമേൽ സന്തുഷ്ടരാകുമെന്ന് അറിഞ്ഞിട്ടുണ്ടോ.
ഉത്തരാഖണ്ഡിലെ എസ്.ഡി.ആർ.എഫ് പൊലീസ് രക്ഷാ യൂണിറ്റ് രക്ഷാദൗത്യത്തിന് ശേഷം ആഘോഷിക്കുന്നതു കാണൂവെന്ന കുറിപ്പോടെയാണ് ഡിക്സ് സമൂഹമാധ്യമത്തിൽ നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.