Timely news thodupuzha

logo

രാമക്ഷേത്ര ഉദ്ഘാടനം, പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്

ന്യൂഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിനു മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്. മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളവും ആധുനികവത്കരിച്ച റെയില്‍വേ സ്‌റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

15700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സന്ദർശനം.

ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, പുതുക്കി പണിത അന്താരാഷട്ര വിമാനത്താവളം, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ, അയോധ്യ ​ഗ്രീൻഫീൽഡ് ടൗൺഷിപ്പിന് തറക്കല്ലിടൽ തുടങ്ങിയ എല്ലാ ചടങ്ങുകളും രാമക്ഷേത്രം കേന്ദ്രീകരിച്ചാണ്.

10.45-ഓടെ പ്രധാനമന്ത്രി അയോധ്യ വിമാനത്താവളത്തില്‍ എത്തും. 11.15 ന് 240 കോടി ചിലവഴിച്ച് പുതുക്കിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷന്‍റെ ഉദ്ഘാടനം നിർവഹിക്കും.

ക്ഷേത്ര നിർമ്മിതിയോട് സാമ്യമുള്ളതാണ് അടുത്തിടെ പേര് പുതുക്കിയ സ്റ്റേഷന്‍റെ നിർമ്മാണം. 12.15ന് 1450 കോടി ചിലവിട്ട് വികസിപ്പിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഒരുമണിക്ക് റോഡ് ഷോയിലും പൊതു പരിപാടിയിലും മോദി പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അയോധ്യ ന​ഗരം മുഴുവൻ ഇതിനോടകം അലങ്കരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ റാലിയില്‍ 1.5 ലക്ഷത്തോളം പേര്‍ പങ്കെടുക്കും.

അയോധ്യ വിമാനത്താവളത്തില്‍നിന്ന് രാംപഥ് വരെ 15 കിലോമീറ്ററോളം കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധിത ഖലിസ്ഥാൻ സംഘടനാ നേതാവ് ​ഗുർപത്വന്ത് സിം​ഗ് പന്നു മോദിയെ റോഡ്ഷോക്കിടെ ആക്രമിക്കണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ അയോധ്യയിൽ വിവിധ സേനാ വിഭാ​ഗങ്ങളെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വർഷങ്ങളുടെ തയാറെടുപ്പുകൾക്കു ശേഷമാണ് നരേന്ദ്രമോദി അയോധ്യയിലേക്കെത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *