കോഴിക്കോട്: വരുന്ന പൊതുതെരഞ്ഞെടുപ്പിൽ വൃത്തികെട്ട ഏതടവും പയറ്റാൻ ഹിന്ദുത്വശക്തികൾ അണിയറയിൽ നീക്കങ്ങളിലേർപ്പെട്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻ.ഡി.എ പാർലമെൻറംഗങ്ങൾക്ക് ഒരുക്കിയ വിരുന്നിൽ ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ പങ്കെടുത്തത് വ്യക്തമായ രാഷ്ട്രീയ അജണ്ടയോടെയാണെന്നും യു.ഡി.എഫിന്റെ ഹിന്ദുത്വവത്കരണമാണ് അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
മതേതര പക്ഷത്ത് ഉറച്ചു നിന്ന് സംഘ് രാഷ്ട്രീയത്തെ ശക്തമായി എതിർക്കാറുള്ള പ്രേമചന്ദ്രന്റെ ഇപ്പോഴത്തെ മലക്കം മറിച്ചിൽ ആകസ്മികമല്ല എന്നാണ് മനസ്സിലാക്കേണ്ടത്.
യു.ഡി.എഫ് – ബി.ജെ.പി അവിഹിത കൂട്ടുകെട്ടിനുള്ള അരങ്ങ് ഒരുക്കാൻ പ്രേമചന്ദ്രനെ ബി.ജെ.പി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ടാവാം.
ബി.ജെ.പി സംഘ്പരിവാർ സംഘടനയല്ലെന്ന പ്രേമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. പക്ഷേ സംഘ്പരിവാറിനെ കുറിച്ച് കൃത്യമായ ധാരണയുള്ള കേരളീയ സമൂഹം പ്രേമചന്ദ്രന്റെ വാക്കുകൾ പുച്ഛിച്ചു തള്ളുകയേയുള്ളൂ.
ആർ.എസ്.എസ് പ്രചാരക് നരേന്ദ്രമോദി രാജ്യം ഭരിക്കുകയും ഹിന്ദുത്വാധീശത്വം നാട്ടിൽ നടപ്പാക്കി മതേതര ജനാധിപത്യ സംവിധാനത്തെ തകർത്തെറിയുകയും ചെയ്യുമ്പോളാണ് ബി.ജെ.പിയുടെ പ്രതിച്ഛായ നന്നാക്കാൻ പ്രേമചന്ദ്രൻ വിഡ്ഡിത്തം വിളമ്പുന്നത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ബാനറിൽ ഇദ്ദേഹം ബി.ജെ.പി സ്ഥാനാർഥിയായി മൽസരിച്ചാൽ പോലും അദ്ഭുതപ്പെടാനില്ല.
പ്രേമചന്ദ്രൻ എൻ.ഡി.എ വിരുന്നിൽ പങ്കെടുത്തതിൽ തെറ്റ് കാണാത്ത കോൺഗ്രസ് നേതാവ് കെ മുരളീധരെൻറ രാഷ്ട്രീയ വായന വടകരയിലും ബേപ്പൂരിലും മുമ്പ് പരീക്ഷിച്ച കോലിബീ സഖ്യത്തിന്റെ ഓർമകൾ അയവിറക്കിയപ്പോഴുള്ള കോരിത്തരിപ്പ് കൊണ്ടാവാനേ തരമുള്ളുവെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.