Timely news thodupuzha

logo

കുട്ടിക്കാലത്തേക്ക് മടങ്ങി മുൻ ഡിജിപിയും മുൻ എംപിയും

മൂന്നാർ: മുൻ തമിഴ്നാട് ഡി ജി പി യും ഇന്ത്യയിലെ മികച്ച കായിക സംഘാടകനുമായ വാൾട്ടർ ദേവാരം മൂന്നാറിലെ ത്തിയത് അരനൂറ്റാണ്ടിന് ശേഷമാണ്. മുൻ എംപിയും എച്ച് എം എസ് അഖിലേന്ത്യാ പ്രസിഡൻറുമായ തമ്പാൻ തോമസ് മൂന്നാർ ഹൈസ്കൂളിൻ്റെ കവാടം കടന്ന് എത്തിയത് 68 വർഷത്തിന് ശേഷവും. ഇവർ മാത്രമല്ല, ഇവരെ പോലെ നിരവധി പേർ പതിറ്റാണ്ടുകൾക്ക് ശേഷമാണ് പഠിച്ചിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് വീണ്ടും എത്തിയത്. പ്രായത്തിൻ്റെ അവശതകൾ മറന്ന് അവർ സഹപാഠികളെ തേടി. ക്ലാസ് മുറികളിലെ വിശേഷങ്ങളും  ഒപ്പം പഠിച്ചവരെയും ഓർത്തെടുത്തും അവർ സ്കൂൾ മുറ്റത്ത് ഒത്തുകൂടി.

മൂന്നാർ ഗവ: ഹൈ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമത്തിലായിരുന്നു തലമുറകളുടെ ഒത്തുചേരൽ.സർവീസിൽ നിന്നും വിരമിച്ച ഒട്ടേറെ അധ്യാപകരും പങ്കെടുത്തു.

1947 ൽ പഠിച്ച സർഗുണദാസായിരുന്നു മുതിർന്ന പൂർവ്വ വിദ്യാർത്ഥി.1949 ൽ പഠിച്ച എം ഡി വർഗീസ് തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും പഠിച്ച 600 ഓളം പേർ പങ്കെടുത്തു. ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്ന പഴയ തേയില ഫാക്ടറി കെട്ടിടം ഇപ്പോഴില്ലെന്ന ദുഃഖം മുതിർന്ന പൂർവ്വ വിദ്യാത്ഥികളുടെ മുഖത്തുണ്ടായിരുന്നു.

വാൾട്ടർ ദേവാരം ഉൽഘാടനം ചെയ്തു.15 മത് വയസിൽ സ്കൂൾ വിട്ടിറങ്ങുമ്പോൾ, സ്കൂൾ ഫൈനൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു. ഇന്നിപ്പോൾ 83 വയസ് പിന്നിട്ട താനായിരിക്കാം സീനിയർ – അദേഹം പറഞ്ഞു. അക്കാലത്തെ അദ്ധ്യാപകരെയും സ്കൂൾ പഠന രീതിയും അദ്ദേഹം അനുസ്മരിച്ചു.മൂന്നാർ കടലാർ എസ്റ്റേറ്റിൽ ജനിച്ച തനിക്ക് മൂന്നാറിനെ മറക്കാനാകില്ല.മൂന്നാർ മുതൽ മറീന വരെ എന്നൊരു പുസ്തകത്തിൻ്റെ രചനയിലാണെന്നും അദ്ദേഹം പറഞ്ഞു.

1952-53 ൽ മൂന്നാറിൽ പഠിച്ച തമ്പാൻ തോമസിനും ഓർക്കാനും പറയാനും ഒത്തിരി ഉണ്ടായിരുന്നു.

മുൻ എം എൽ എ എ കെ മണി, ജില്ല പഞ്ചായത്തംഗം എം.ഭവ്യ, പി ടി എ പ്രസിഡൻ്റ് എസ് രമേശ് എന്നിവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ എം ജെ.ബാബു അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ സണ്ണി അറക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.. ടി ചന്ദ്രൻ സ്വാഗതവും ലിജി ഐസക് നന്ദിയും പറഞ്ഞു.മുൻ ജില്ല ജഡ്ജി ജോർജ് ഉമ്മൻ പതാക ഉയർത്തി. ബെല്ലടിച്ചും പ്രാർത്ഥനാ ഗാനം ആലപിച്ചുമായിരു ന്നു ചടങ്ങുകൾ ആരംഭിച്ചത്.

വിരമിച്ച അദ്ധ്യാപകർ, മുതിർന്ന പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്കുള്ള ഉപഹാരങ്ങൾ മൂന്നാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം രാജേന്ദ്രൻ, സി കെ ബാബുലാൽ, ഡോ: ആറുമുഖം, ജി മോഹൻകുമാർ, കെ പി അല്ലിയമ്മ, പി പി ലളിത, കെ എസ് വിജയൻ ,ഫിലിപ്പോസ് എബ്രഹാം, എസ് വിജയകുമാർ, വി.ശക്തിവേൽ, എം രാജൻ, അബ്ദുൾ കനി, സണ്ണി ഇലഞ്ഞിക്കൽ, കെ എം അലിക്കുഞ്ഞ് തുടങ്ങിയവർ നിർവഹിച്ചു.

മുതിർന്ന പൗരന്മാർ പങ്കെടുക്കുന്നതിനാൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും ആംബുലൻസും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *