Timely news thodupuzha

logo

കർഷക പ്രതിഷേധം; ഭവാന സ്റ്റേഡിയം താത്കാലിക ജയിൽ ആക്കി മാറ്റണമെന്ന് കേന്ദ്രം, നിർദേശം തള്ളി ഡൽഹി സർക്കാർ

ന്യൂഡൽഹി: കർഷകരുടെ പ്രതിഷേധ മാർച്ച് മുൻ‌ നിർത്തി ഡൽഹിയിലെ ഭവാന സ്റ്റേഡിയം താത്കാലിക ജയിൽ ആക്കി മാറ്റണമെന്ന നിർദേശം മുന്നോട്ടു വച്ച് കേന്ദ്രസർക്കാർ.

എന്നാൽ ഡൽഹി സർക്കാർ ഈ നിർദേശം തള്ളി. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഡൽഹി ആഭ്യന്ത്ര മന്ത്രി കൈലാഷ് ഗേലോട്ട് ചീഫ് സെക്രട്ടറി നരേഷ് കുമാറിന് കത്തു നൽകി.

കർഷകരുടെ ആവശ്യങ്ങൾ ന്യായമാണ്. സമാധാനപരമായി പ്രതിഷേധം നടത്താൻ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഭരണഘടനാപരമായ അവകാശമുണ്ട്.

അതു കൊണ്ടു തന്നെ സമരം ചെയ്യുന്ന കർഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നാണ് കൈലാഷ് ഗേലോട്ട കത്തിൽ കുറിച്ചിരിക്കുന്നത്. കർഷകരെ ചർച്ചയ്ക്കായി ക്ഷണിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ ‘ഡൽഹി ചലോ മാർച്ച്’രാവിലെ 10 മണിക്ക് ആരംഭിച്ചു. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീ​ഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരം തുടരുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കി.

താങ്ങു വില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ആകാത്തതിനെ തുടർന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം. താങ്ങുവില നിയമപരമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

കർഷകരുടെ ഡൽഹി മാർച്ചിനെ നേരിടാൻ ഹരിയാന-ഡൽഹി അതിർത്തികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻ‌ർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു.

പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികൾ പൊലീസ് ബാരിക്കേഡും കോൺക്രീറ്റ് ബ്ലോക്കുകളും അടച്ചു. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *