Timely news thodupuzha

logo

സ്വരാജ് ട്രോഫി പുരസ്കാരം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന്

ഉടുമ്പന്നൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ഉടുമ്പന്നൂരിനെ തെരഞ്ഞെടുത്തു.

10 ലക്ഷം രൂപയും ട്രോഫിയും പ്രശംസാപത്രവും അടങ്ങിയ അവാർഡ് 19ന് കൊട്ടാരക്കരയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി വിഹിതം പൂർണ്ണമായും ചെലവഴിച്ച് ഉടുമ്പന്നൂർ ജില്ലയിൽ ഒന്നാമതും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തുമെത്തിയിരുന്നു. ഇതും നികുതി പിരിവിൽ 90 ശതമാനത്തിനു മുകളിൽ നേട്ടം കൈവരിക്കാനായതും അവാർഡ് പരിഗണനയിൽ നിർണ്ണായകമായി.

അവശത അനുഭവിക്കുന്നവരെ ചേർത്തു പിടിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ രൂപീകരിച്ച പഞ്ചായത്ത് ദുരിതാശ്വാസ നിധിയും വിവിധ മേഖലകളിലെ മികവുറ്റ പ്രകടനവും അവാർഡ് നിർണ്ണയ സമിതി പരിശോധിച്ചു.

വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരമുയർത്തുന്നതിനായി ജില്ലയിൽ തന്നെ ആദ്യമായി നടപ്പിലാക്കിയ മികവ് – മനശാസ്ത്ര വിദ്യാഭ്യാസ സഹായ പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കിയ വിഷ രഹിത മത്സ്യം വീട്ടുവളപ്പിൽ പദ്ധതിയും നൂതന – മാതൃകാ പദ്ധതികളായി പരിഗണിക്കപ്പെട്ടു.

ആരോഗ്യ – ശിശു സംരക്ഷണ മേഖലയിലെ മികവാർന്ന പ്രവർത്തനവും മാലിന്യ സംസ്ക്കരണ രംഗത്തെ മുന്നേറ്റവും ഉൾപ്പടെ സമസ്ത മേഖലയിലും ഉണ്ടായ മുന്നേറ്റത്തിനുള്ള അംഗീകാരമാണ് സ്വരാജ് ട്രോഫി പുരസ്കാരമെന്ന് പ്രസിഡന്റ് എം ലതീഷ് അറിയിച്ചു.

ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമവും പഞ്ചായത്തിലെ ബഹുജനങ്ങളുടെ മികച്ച പിന്തുണയുമാണ് പുരസ്ക്കാര നേട്ടത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *