കൊച്ചി: റ്റി.പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി നടപടി ഏറ്റവും നല്ല വിധിയെന്ന് ചന്ദ്രശേഖരന്‍റെ ഭാര്യയും എം.എൽ.എയുമായ കെ.കെ രമ.
തങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. രണ്ടു പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരമാണെന്നും അവർ പ്രതികരിച്ചു.
അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ച് വെട്ടിക്കൊന്നത്. അഞ്ച് മാസം നീണ്ട വാദമാണ് കോടതിയിൽ നടന്നത്. അഭിഭാഷകൻ കേസ് നല്ല രീതിയിൽ കൈകാര്യം ചെയ്തു.
ഞങ്ങൾ നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണ്. കെ.കെ കൃഷ്ണൻ അക്കാലത്തെ ഏരിയാ കമ്മിറ്റി അംഗമാണ്. അവരും കൂടി പ്രതിയായതോടെ പാർട്ടി നേതൃത്വത്തിന്‍റെ പങ്ക് പുറത്തു വന്നിരിക്കുകയാണ്. അഭിപ്രായം പറഞ്ഞതിനാണ് ക്രൂരമായി വെട്ടിക്കൊന്നത്.
ഇത് അവസാനിക്കണം. ഇനി ഇതുപോലുള്ള ഒരു രാഷ്ട്രീയ കൊലപാതകങ്ങളും നടന്നുകൂടാ. അത്തരത്തിൽ നാട്ടിൽ നീതി നടപ്പാക്കണം. ഒപ്പം നിന്ന കോടതിക്കും മാധ്യമങ്ങൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നുവെന്നും കെ.കെ. രമ പറഞ്ഞു.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് സി.പി.എം മുൻ നേതാവും ആർ.എം.പി സ്ഥാപക നേതാവുമായ റ്റി.പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സി.പി.എം വിട്ട് ഒഞ്ചിയത്ത് ആർ.എം.പിയെന്ന പാർട്ടിയുണ്ടാക്കിയതിന്‍റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.