ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുപ്പ് പരിധിയിൽ സുപ്രീംകോടതിയുടെ നിർദേശം പരിഗണിച്ച് 5000 കോടി അനുവദിക്കാമെന്ന് അറിയിച്ച് കേന്ദ്രസർക്കാർ.
എന്നാൽ ഇത് കേരളം തള്ളുകയായിരുന്നു. നിബന്ധനകളോടെയാകും പണം അനുവദിക്കുക. കേരളത്തിന് 5000 കോടി ഈ മാസം നൽകാം.
എന്നാൽ അടുത്ത സാമ്പത്തിക വർഷത്തെ ആദ്യത്തെ ഒമ്പത് മാസത്തെ വായ്പാപരിധിയിൽ നിന്നും ഈ തുക കുറയ്ക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
എന്നാൽ 5000 കോടി പോരെന്നും, 10,000 കോടിയെങ്കിലും അനുവദിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.
വായ്പയെടുക്കാനുള്ള കേരളത്തിൻറെ അവകാശത്തെ ഹനിക്കുന്നതാണ് കേന്ദ്രത്തിൻറെ നിലപാടെന്നും കേന്ദ്രം സംസ്ഥാനത്തിൻറെ ചെലവ് നിയന്ത്രിക്കാൻ ഇടപെടുന്നു, ഇത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കേരളം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി പറഞ്ഞതു കൊണ്ടാണ് ഈ തുക അനുവദിക്കുന്നത്. ആദ്യ ഒമ്പത് മാസത്തേക്ക് 21,664 കോടി മാത്രമേ അനുവദിക്കാനാകൂ. ഈ തുകയിൽ 15,000 കോടി മുൻകൂറായി നൽകിയാൽ 6,664 കോടിയേ ബാക്കിയുള്ളൂ.
ഈ തുക കൊണ്ട് ശേഷിക്കുന്ന കാലയളവ് കൈകാര്യം ചെയ്യുക സംസ്ഥാന സർക്കാരിന് വളരെ ബുദ്ധിമുട്ടായിരിക്കും. ഇത് കേരളത്തിലെ ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുമെന്നും കേന്ദ്രസർക്കാർ വാദിച്ചു.
കൂടാതെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരാണ് വഴി കാണേണ്ടതെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു. വായ്പാ പരിധി വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടാണ് കേന്ദ്രസർക്കാരിനുള്ളത്. ഇതിൽ ഒരു വിവേചനവും കേന്ദ്രം കാണിച്ചിട്ടില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
ഇടക്കാല ആശ്വാസം എന്ന നിലയിൽ കേന്ദ്രം നൽകാമെന്ന് പറഞ്ഞ 5000 കോടി വാങ്ങിക്കൂടേയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. എന്നാൽ ഇത് കേരളം തള്ളുകയായിരുന്നു. തുടർന്ന് കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഈ മാസം 21 ലേക്ക് മാറ്റി.