കുമളി: ഈ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കുമളി വ്യാപാര ഭവനിൽ വെച്ച് നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സ്ഥലത്തെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന സംഘം യോഗത്തിന്റെ ഫോട്ടോയും വീഡിയോയും പകർത്തിയതാണ് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
ദൃശ്യങ്ങൾ പകർത്തിയ ഉദ്യോഗസ്ഥരുടെ സംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു ബഹളം ഉണ്ടാക്കി കൺവെൻഷൻ നടത്തിയ ഹാളിൽ നിന്ന് പുറത്താക്കി.
ഉദ്യോഗസ്ഥർ എടുത്ത ഫോട്ടോയും വീഡിയോയും കോൺഗ്രസ് പ്രവർത്തകർ ഡിലീറ്റ് ചെയ്യിപ്പിച്ചു. സ്ഥാനാർത്ഥിയായി പാർട്ടി തിരഞ്ഞെടുത്ത വ്യക്തി നാമ നിർദേശ പത്രിക പോലും സമർപ്പിക്കുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ഇടപെടൽ നിയമവിരുദ്ധമാണെന്നാണ് യു.ഡി.എഫ് പ്രവർത്തകരുടെ വാദം.
സി.പി.എം – ബി.ജെ.പി കൂട്ടുകെട്ടിന്റെ ഭാഗമായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും യു.ഡി.എഫ് ആരോപിച്ചു.
എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും തിരഞ്ഞെടുപ്പ് പരിപാടികളിൽ ഒരു പരിശോധനയ്ക്കും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കുമളി പോലീസ് കേസെടുത്തത്.