തെൽഅവീവ്: അന്താരാഷ്‌ട്ര മാധ്യമമായ അൽജസീറയെ നിരോധിക്കുന്നതിനായി പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി ഇസ്രയേൽ. എത്രയും പെട്ടന്ന് തന്നെ അൽ ജസീറ അടച്ചു പൂട്ടുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
പുതിയ നിയമത്തിൽ വിദേശ ചാനലുകളുടെ ഓഫീസുകള്‍ നിരോധിക്കുന്നതിനുള്ള അധികാരവും സർക്കാരിന് നല്‍കുന്നുണ്ട്. പാർലമെന്റില്‍ 70-10 വോട്ടുനിലയിലാണ് നിയമം പാസായത്.
ടൈംസ് ഓഫ് ഇസ്രയേലിനെയും എ.എഫ്.പിയും ഉദ്ധരിച്ചു കൊണ്ട് അൽ ജസീറ തന്നെയാണ് നിരോധന നീക്കം റിപ്പോർട്ട് ചെയ്‌തത്. ഒക്‌ടബർ ഏഴിന് നടന്ന കൂട്ടക്കൊലയിൽ അൽ ജസീറ പങ്കാളികളാണെന്നും അൽ ജസീറ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നും ഇതിനു പിന്നാലെ നെതന്യാഹു ട്വിറ്ററിൽ കുറിച്ചു.
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറയുടെ മാധ്യമ പ്രവർത്തകർ ഹമാസിന്റെ ഭാഗമായവരാണെന്ന് നേരത്തെ തന്നെ ഇസ്രയേൽ വാദമുയർത്തിയിരുന്നു.
ഇതിനെ അൽ ജസീറ നിഷേധിച്ചിട്ടുമുണ്ട്. പലസ്‌തീനിൽ ഇസ്രയേൽ നടത്തുന്ന പല ആക്രമണത്തേയും തുറന്നു കാട്ടുന്ന മാധ്യമമാണ് അൽ ജസീറ.
ഇസ്രയേൽ കൂട്ടക്കൊലയുടെ ദാരുണ ചിത്രങ്ങൾ ലോകത്തിന് മുന്നിൽ തുറന്നു കാട്ടിയത് അൽജസീറയാണ്. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഈ വാർത്തകൾ ഇസ്രയേലിനെ പ്രതിരോധത്തിലാക്കി.