Timely news thodupuzha

logo

കോൺ​ഗ്രസിന് എല്ലാകാര്യത്തിലും സംഘപരിവാര്‍ മനസ്സാണെന്ന് മുഖ്യമന്ത്രി

കൊല്ലം: എല്ലാ കാര്യത്തിലും സംഘപരിവാറിന്റെ മനസ്സിനൊപ്പമാണ് കോൺ​ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കുകയെന്ന ആർ.എസ്.എസ് അജൻഡയുടെ ഭാ​ഗമായി കൊണ്ടുവന്ന പൗരത്വ ഭേദ​ഗതി നിയമത്തിൽ ഇതുവരെ കോൺ​​ഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല.

പ്രകടന പത്രികയിലും പൗരത്വഭേദ​ഗതി നിയമമില്ല. എല്ലാ കാര്യവും പ്രകടന പത്രികയിൽ പറയേണ്ടതുണ്ടോ എന്നാണ് കോൺ​ഗ്രസ് ചോദിക്കുന്നത്. സംഘപരിവാർ മനസ്സിനോട് ഒട്ടിനിൽക്കുന്ന ഒട്ടേറെ നേതാക്കൾ ഉള്ളതു കൊണ്ടാണ്‌ കോൺ​ഗ്രസിനു നിലപാടെടുക്കാൻ കഴിയാത്തത്‌.

മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എ അരുൺ കുമാറിന്റെ പ്രചാരണ പൊതു യോ​ഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കോൺ​ഗ്രസിന്റെ ശബ്ദം വേണ്ടനിലയിൽ ഉയർന്നില്ല. എൻ.ഐ.എ ബില്ലിനെ ലോക്‌സഭയിൽ എതിർത്ത ആറു പേരില്‍ ഒരാള്‍ എ.എം ആരിഫായിരുന്നു.

അപ്പോൾ കോൺ​ഗ്രസുകാർ എവിടെപ്പോയി. യു.എ.പി.എ ഭേദ​ഗതിയിലും കോൺ​ഗ്രസ് ബി.ജെ.പിക്കൊപ്പം നിന്നു. ഇടതുപക്ഷം പിന്തുണച്ച ഒന്നാം യു.പി.എ സർക്കാരാണ് സ്വാമിനാഥൻ കമീഷനെ നിയമിച്ചത്.

എന്നാൽ, ഇടതുപക്ഷ പിന്തുണയില്ലാതെ അധികാരത്തിൽ വന്ന രണ്ടാം യു.പി.എ സർക്കാർ ആ റിപ്പോർട്ട് തള്ളി. ഇതാണ് യഥാർഥ കോൺഗ്രസ് മുഖം.

സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവനുമാക്കുന്ന സാമ്പത്തിക നയങ്ങളാണ് കോൺ​ഗ്രസും ബി.ജെ.പിയും സ്വീകരിക്കുന്നത്.

അർഹമായ സാമ്പത്തിക വിഹിതം നൽകാതെ കേന്ദ്രം കേരളത്തെ ഞെരുക്കുകയാണ്. ഇതിനെതിരെ പാർലമെന്റിൽ ഒരുവാക്ക് പറയാൻ യു.ഡി.എഫ് എം.പിമാർ തയ്യാറായില്ല.

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതിനെതിരായ കേരളത്തിന്റെ ഹര്‍ജിയിലെ സുപ്രീം കോടതി വിധി കോൺ​ഗ്രസിന്റെ മുഖത്തേറ്റ അടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *