തൊടുപുഴ: കേരള സഹകരണ ഫെഡറേഷന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ശനിയാഴ്ചയും ഞായറാഴ്ചയും ചെറുതോണിയിൽ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് മൂന്നിന് സെമിനാറോടെ സമ്മേളനം തുടങ്ങും. ‘കേന്ദ്ര-സംസ്ഥാന സഹകരണ നിയമ ഭേദഗതി’ എന്ന വിഷയത്തിലാണ് സെമിനാർ. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടൻപാട്ടും കരോക്കെ ഗാനമേളയും.
ഞായറാഴ്ച രാവിലെ എട്ടിന് രജിസ്ട്രേഷൻ, പതാക ഉയർത്തൽ. രാവിലെ 10-ന് സഹകരണ മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മികച്ച സഹകാരികൾക്കുള്ള അവാർഡ് നൽകും. പ്ലാനിങ് ബോർഡ് മുൻ മെമ്പർ സി.പി.ജോൺ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.തുടർന്ന് റിപ്പോർട്ട് അവതരണം, ചർച്ച, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.
രാജ്യവും സംസ്ഥാനവും വെല്ലുവിളികൾ നേരിട്ടപ്പോൾ കൈത്താങ്ങായ സഹകരണ മേഖല ഇപ്പോൾ കേന്ദ്ര നിയമങ്ങളും ആർ.ബി.ഐയുടെ ഇടപെടലും കാരണം പ്രതിസന്ധി അനുഭവിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി എം.പി.സാജു, സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സുരേഷ് ബാബു, സഹകരണ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ടി.ജി.ബിജു എന്നിവർ പങ്കെടുത്തു.