Timely news thodupuzha

logo

ഡി ഗുകേഷ് അത്ഭുത നേട്ടത്തിന് അരികെ

ടൊറന്റോ: ഇന്ത്യയുടെ കൗമാര ചെസ് താരം ഡി ഗുകേഷ് അത്ഭുത നേട്ടത്തിന് അരികെ. കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ്‌ ഒറ്റ റൗണ്ട് മാത്രം ശേഷിക്കെ ഓപ്പൺ വിഭാഗത്തിൽ പതിനേഴുകാരൻ ഒന്നാം സ്ഥാനത്താണ്.

13 റൗണ്ട് പൂർത്തിയായപ്പോൾ എട്ടര പോയിന്റ്‌. മൂന്നുപേർ തൊട്ടടുത്തുണ്ട്. ഒറ്റക്കളിയും തോൽക്കാത്ത റഷ്യക്കാരൻ ഇയാൻ നിപോംനിഷിക്കും തിരിച്ചു വരവ് നടത്തിയ അമേരിക്കൻ താരങ്ങളായ ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവർക്കും എട്ട് പോയിന്റ്‌.

അവസാന റൗണ്ടിലെ പ്രകടനം വിജയിയെ നിശ്ചയിക്കും. പതിമൂന്നാംറൗണ്ടിൽ നേടിയ വിജയമാണ് ചെന്നൈയിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്ററായ ഗുകേഷിന് തനിച്ച് ലീഡ് നൽകിയത്.

ഫ്രഞ്ചു താരം അലിറെസ ഫിറൗസ്ജയെ 63 നീക്കത്തിൽ പരാജയപ്പെടുത്തി. ഏഴാംറൗണ്ടിൽ അലിറെസയോടേറ്റ തോൽവിക്കുള്ള മറുപടിയായി.

നിപോംനിഷിയും നകാമുറയും തമ്മിലുള്ള മത്സരം 27 നീക്കത്തിൽ സമനിലയായതും ഗുകേഷിന് ഗുണമായി. ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ പൊരുതി നിന്ന ശേഷം കരുവാനയോട് 89 നീക്കത്തിൽ തോൽവി സമ്മതിച്ചു.

മറ്റൊരു ഇന്ത്യൻ താരമായ വിദിത്‌ ഗുജറാത്തി അസർബെയ്ജാന്റെ നിജാത് അബസോവിനെ 31 നീക്കത്തിൽ സമനിലയിൽ തളച്ചു.

നകാമുറക്കെതിരെയുള്ള അവസാന റൗണ്ട് ജയിച്ചാൽ ഗുകേഷിന് ചാമ്പ്യനാകാം. നിപ്പോയും കരുവാനയും തമ്മിലുള്ള മത്സരം സമനിലയെങ്കിൽ ഗുകേഷിനും സമനില മതി.

ജയത്തിന് ഒരു പോയിന്റും സമനിലയ്‌ക്ക്‌ അര പോയിന്റുമാണ്. ഒന്നാമതെത്തിയ രണ്ടുപേർക്ക് ഒരേ പോയിന്റാണെങ്കിൽ ടൈബ്രേക്കിൽ വിജയിയെ നിശ്ചയിക്കും.

ഈ ടൂർണമെന്റിലെ ജേതാവായിരിക്കും നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഡിങ്ങ് ലിറനെ നേരിടുക. പുതിയ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ഈ രീതി 2013ൽ ആരംഭിച്ചതാണ്.

വനിതകളിൽ ഇന്ത്യയുടെ ആർ വൈശാലിയുടെ തുടർവിജയങ്ങളാണ് സജീവ ചർച്ച. നാല് കളി തോറ്റശേഷം തുടരെ നാല് മത്സരം ജയിച്ചാണ് ചെന്നൈക്കാരി ശ്രദ്ധനേടിയത്.

13ാം റൗണ്ടിൽ നേടിയ വിജയം ചൈനയുടെ ലി ടിങ്ജിയുടെ കിരീടപ്രതീക്ഷ നഷ്ടപ്പെടുത്തി. നിലവിലെ ചാമ്പ്യനായ ടിങ് ജിയെ 67 നീക്കത്തിലാണ് തോൽപ്പിച്ചത്.

ഇതോടെ ചൈനയുടെ തന്നെ ടാൻ സോങ്ങിയ്ക്ക് അവസാന റൗണ്ടിൽ സമനില നേടിയാൽ ചാമ്പ്യനാകാം. എട്ടര പോയിന്റുള്ള സോങ് യി അലക്സാന്ദ്ര ഗൊര്യാച്കിനയോട് സമനില വഴങ്ങി.

ടിങ്ങ് ജിക്ക് ഏഴര പോയിന്റുണ്ട്. ഇന്ത്യൻ താരം കൊണേരു ഹമ്പിയും ഉക്രെയ്നിന്റെ അന്ന മുസിചുകും സമനിലയിലായി. കാതറീന ലഗ്‌നോയും നർഗുൽ സലിമോവയും തമ്മിലുള്ള കളിയും ഫലം കണ്ടില്ല.

ഹമ്പി, വൈശാലി, ഗൊര്യാച്കിന, ലഗ്‌നോ എന്നിവർക്ക് ആറര പോയിന്റാണ്. അവസാന റൗണ്ടിൽ സോങ് യിയുടെ എതിരാളി അന്ന മുസിചുകാണ്.

ഹമ്പിക്ക്‌ ലി ടിങ്ങ് ജിയും. തുടർച്ചയായി അഞ്ച് ജയത്തോടെ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന വൈശാലിക്ക്‌ എതിരിടേണ്ടത് ലഗ്‌നോയെ.

Leave a Comment

Your email address will not be published. Required fields are marked *